സര്‍ക്കാറിനൊപ്പം നില്‍ക്കുന്നു, മറ്റ് ചര്‍ച്ചകള്‍ക്കില്ല: രാഹുല്‍ ഗാന്ധി

Posted on: February 15, 2019 1:11 pm | Last updated: February 15, 2019 at 7:57 pm

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായ അപലപിച്ച് കോണ്‍ഗ്രസ്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ഭീകരര്‍ക്കെതിരായ നടപടിയില്‍ സര്‍ക്കാറിനും സൈന്യത്തിനും പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിന്ദ്യമായ ആക്രമണമാണ് സൈന്യത്തിനെതിരെ ഉണ്ടായത്. ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിപക്ഷ കക്ഷികളും ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാറിനും ജവാന്മാര്‍ക്കുമൊപ്പം നില്‍ക്കും. മറ്റൊരു ചര്‍ച്ചകള്‍ക്കും ഞങ്ങളില്ല. ഇതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്.