Connect with us

National

ജമ്മു കാശ്മീർ തീവ്രവാദി ആക്രമണം; മരണം 40 ആയി

Published

|

Last Updated

സ്ഫോടന സ്ഥലത്ത് നിന്നുള്ള ദൃശ്യം

ശ്രീനഗര്‍:ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയിൽ സെെനിക കോൺവോയിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച സിആർപിഎഫ് ജവാന്മാരുടെ എണ്ണം 40 ആയി. നിരവധി ജവാന്മാർക്ക് പരുക്കേറ്റു. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. ഇവരെ ശ്രീനഗറിലെ സെെനിക ആശുപത്രിയിലേക്ക് മാറ്റി. ഗോരിപുര മേഖലയിലാണ് സംഭവം. സെെനികരുടെ കോൺവോയിക്ക് ഇടയിലേക്ക് സ്ഫോടക വസ്തുവായ ഐഇഡി നിറച്ച മഹീന്ദ്ര സ്കോർപ്പിയോ വാൻ ഇടിച്ചുകയറ്റുകയായിരുന്നു. ഭീകര സംഘടനയായ ജയ്‌ഷേ മുഹമ്മദ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

സ്‌ഫോടനത്തിന് പിന്നാലെ ഇവിടെ വെടിവെപ്പും നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശ്രീനഗര്‍ – ജമ്മു ഹൈവേയിലൂടെ പോകുകയായിരുന്ന സിആര്‍പിഎഫ് കോൺവോയിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സെെനികർ. 70 വാഹനങ്ങളിലായി രണ്ടായിരം സെെനികർ കോൺവോയിലുണ്ടായിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സെെനികർ.ഇതിൽ ഒരു ബസ് സ്ഫോടനത്തിൽ പൂർണമായും തകർന്നു. 35 സെെനികരാണ് ഈ ബസിൽ ഉണ്ടായിരുന്നത്. 350 കിലോ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുവെന്നാണ് കണക്കാക്കുന്നത്.

വഖാസ് കമ്മാന്‍ഡോ എന്നറിയപ്പെടുന്ന ആദില്‍ അഹമ്മദ് ദാര്‍ എന്നയാളാണ് സഫോടനം ആസൂത്രണം ചെയ്തതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ ഭീകര സംഘടനയില്‍ ചേര്‍ന്നത്.

കശ്മീരിൽ ഭീകരാക്രമണത്തിൽ വെടിയേറ്റു തകർന്ന സൈനിക വാഹനം

തീവ്രവാദികളുടെ വിഹാരകേന്ദ്രമാണ് സ്‌ഫോടനം നടന്ന സ്ഥലം. ഇതിലൂടെ വേണ്ടത്ര സുരക്ഷാ സന്നാഹങ്ങളില്ലാതെയാണ് സെെനികർ പോയതെന്ന് റിപ്പോർട്ടുകളുണ്ട്. വൻ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

2016 സെപ്തംബറില്‍ ഉറി ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.  ഉറിയില്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 17 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. സമീപ കാലത്ത് ഇത്രയും കൂടുതൽ ജവാന്മാർ വീരമൃത്യു വരിച്ച ആക്രമണം ഉണ്ടായിട്ടില്ല.

ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ അപലപിച്ചു.

Latest