Connect with us

Ongoing News

കൊച്ചിയിലെ മത്സരങ്ങള്‍ പൂര്‍ത്തിയായി; പ്രോ വോളി ആവേശം ഇനി ചെന്നൈയില്‍

Published

|

Last Updated

കൊച്ചി: പ്രഥമ പ്രോ വോളി ലീഗില്‍ കൊച്ചിയിലെ മത്സരങ്ങള്‍ അവസാനിച്ചു. ശേഷിക്കുന്ന ലീഗ് മത്സരങ്ങളും സെമി പോരാട്ടങ്ങളും ഈ മാസം 16 മുതല്‍ 18 വരെ ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 22നാണ് ഫൈനല്‍. ഇന്നലെ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന് അവസാന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് അഹമ്മദാബാദ് ഡിഫന്‍േഴ്‌സിനെ കീഴടക്കി. ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കായിരുന്നു ഹീറോസിന്റെ ജയം. സ്‌കോര്‍: 15-14, 11-15, 15-11, 15-9, 15-8. പ്രാഥമിക റൗണ്ടില്‍ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ കാലിക്കറ്റ് അഞ്ചിലും ജയിച്ച് ലീഗിലെ അജയ്യരായി തുടര്‍ന്നു. ടീം നേരത്തെ തന്നെ പ്ലേഓഫിന് യോഗ്യത നേടിയിരുന്നു. ഇഞ്ചോടിഞ്ച്് പോരിനൊടുവില്‍ ആദ്യ സെറ്റ് നേടിയ കാലിക്കറ്റ് രണ്ടാം സെറ്റില്‍ വീണെങ്കിലും അപ്രതീക്ഷിത തിരിച്ചുവരവിലൂടെയാണ് മൂന്നാം സെറ്റ് സ്വന്തമാക്കിയത്.

ജെറോം വിനീത്, പോള്‍ ലോട്ട്മാന്‍, അജിത്‌ലാല്‍ എന്നിവര്‍ കാലിക്കറ്റിന്റ ഹീറോകളായി. മൂവരും ചേര്‍ന്ന് നേടിയത് 43 പോയിന്റുകള്‍. അഞ്ചു മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുകള്‍ നേടിയ കാലിക്കറ്റിനൊപ്പം എട്ടു പോയിന്റുകള്‍ നേടിയ കൊച്ചി ബ്ലൂ സ്്‌പൈക്കേഴ്‌സും പ്ലേഓഫിന് യോഗ്യത നേടി. രണ്ടു മത്സരങ്ങള്‍ വീതം അവശേഷിക്കുന്ന അഹമ്മദാബാദ്, ചെന്നൈ, യു മുംബ ടീമുകള്‍ക്കൊപ്പം നാലു പോയിന്റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്നുണ്ട്.

ഹീറോസിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത് അഹമ്മദാബാദ് ഡിഫന്റേഴ്‌സാണ് കൊച്ചി ലെഗ്ഗിലെ അവസാന മത്സരത്തിലെ ആദ്യ പോയിന്റ് നേടിയത്. പിന്നാലെ കാലിക്കറ്റും സെര്‍വ്് ബ്രേക്ക് ചെയ്തു. സെര്‍ബിയന്‍ താരം നോവിക്ക ബെലിക്കയുടെ സ്മാഷിലൂടെ ലീഡടുത്ത അഹമ്മദാബാദിനെ അഞ്ചാം പോയിന്റിലാണ് കാലിക്കറ്റിന് ആദ്യം മറികടക്കാനായത്. സൂപ്പര്‍ പോയിന്റുകളടക്കം നഷ്ടപ്പെടുത്തിയെങ്കിലും ആവേശകരമായ കളിയിലൂടെ 13ാം പോയിന്റില്‍ അഹമ്മദാബാദ് ഒപ്പമെത്തി.