ലോക്‌സഭാ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്ര നാളെ തുടങ്ങും

Posted on: February 13, 2019 4:33 pm | Last updated: February 13, 2019 at 7:12 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരള സംരക്ഷണ യാത്ര നാളെ ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് തെക്കന്‍ മേഖലാ ജാഥയും കാസര്‍കോട്ട് നിന്ന് വടക്കന്‍ മേഖലാ ജാഥയുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ വൈകീട്ട് നാലിന് പൂജപ്പുര മൈതാനിയില്‍ സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. വടക്കന്‍ മേഖലാ ജാഥ 16 ന് കാസര്‍കോട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

‘ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ… വികസനം, സമാധാനം, സാമൂഹിക പുരോഗതി, ജനപക്ഷം ഇടതുപക്ഷം’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മേഖലാ ജാഥകള്‍ പര്യടനം നടത്തുന്നത്. മാര്‍ച്ച് രണ്ടിന് തൃശൂരില്‍ ജാഥകള്‍ സമാപിക്കും.

പൂജപ്പുര മൈതാനിയില്‍ നടക്കുന്ന തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡോ.എ.നീലലോഹിത ദാസന്‍ നാടാര്‍ (ജനതാദള്‍), എ.കെ ശശീന്ദ്രന്‍ (എന്‍.സി.പി) രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്.എസ്), സ്‌കറിയാ തോമസ് (കേരള കോണ്‍ഗ്രസ്), ചാരുപാറ രവി (ലോക് താന്ത്രിക് ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍), ഫ്രാന്‍സിസ് ജോര്‍ജ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), ആര്‍ ബാലകൃഷ്ണ പിള്ള (കേരള കോണ്‍ഗ്രസ്.ബി) എന്നിവര്‍ പ്രസംഗിക്കും.