എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍: വിടവാങ്ങിയത് സൂക്ഷ്മശാലിയായ പണ്ഡിതന്‍

Posted on: February 13, 2019 3:47 pm | Last updated: February 13, 2019 at 3:47 pm

കല്‍പറ്റ: ദാറുല്‍ ഫലാഹ് പ്രിന്‍സിപ്പള്‍ എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ വിടവാങ്ങി. സൂക്ഷ്മശാലിയായ പണ്ഡിതന്റെ വിടവാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സുന്നി കൈരളിക്ക് ഉണ്ടായത്. വയനാട് ജില്ലയിലെ കോട്ടത്തറ പഞ്ചായത്തില്‍ വെണ്ണിയോട്ട് മുഹമ്മദ്, ഫാത്വിമ ദമ്പതികളുടെ മകനായി 1948 ലാണ് അദ്ദേഹം ജനിക്കുന്നത്. സ്‌കൂള്‍ പഠനകാലത്ത് തന്നെ ദര്‍സ് പഠനത്തിന്റെ മഹത്വം മനസ്സിലാക്കി നാട്ടില്‍ ദര്‍സില്‍ പഠനം ആരംഭിക്കുകയും പിന്നീട് കോഴിക്കോട് ജില്ലയിലെ പൂനൂരിനടുത്ത് മടത്തുവയല്‍, ഓമശ്ശേരിക്കടുത്ത് ചോലക്കല്‍, കോളിക്കല്‍ എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്ക് ശേഷം വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ബാഖവി ബിരുദം കരസ്ഥമാക്കി.

വെണ്ണിയോട്, കുപ്പാടിത്തറ മാനിയില്‍, കല്യാണത്തും പള്ളിക്കല്‍, കണ്ണൂരിലെ വേങ്ങാട്, എന്നിവിടങ്ങളില്‍ മുദരിസായി സേവനമനുഷ്ടിച്ചത്തിന് ശേഷം വയനാട് ജില്ലയില്‍ ദാറുല്‍ ഫലാഹ് ആരംഭിച്ചപ്പോള്‍ കാന്തപുരം ഉസ്താദിന്റെയും പാറന്നൂര്‍ ഉസ്താദിന്റെയും നിര്‍ദ്ദേശപ്രകാരം ദാറുല്‍ ഫലാഹ് പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു.

നീണ്ട ഇരുപത്തേഴ് വര്‍ഷക്കാലം ദാറുല്‍ ഫലാഹില്‍ സേവനമനുഷ്ഠിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം, വയനാട് ജില്ല കേരള മുസലിം ജമാഅത്ത് പ്രസിഡന്റ്, വെണ്ണിയോട് സുന്നി മഹല്ല് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു,
വേങ്ങര മുഹമ്മദ് മുസ്ലിയാര്‍, വള്ളിക്കുഞ്ഞമ്മദ് ഹാജി മുസ്ലിയാര്‍, ടി.ടി അബ്ദുല്ല മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുവര്യന്‍മാരാണ്. യു പി അബൂബക്കര്‍ മുസ്ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍, പുന്നോളി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സഹപാഠികളുമാണ്. വിയോഗത്തില്‍ ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.