മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍, ഊഷ്മള സ്വീകരണം

Posted on: February 13, 2019 12:30 pm | Last updated: February 13, 2019 at 3:12 pm

അബുദാബി: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി. ഇന്ന് പുലര്‍ച്ചെ ഭാര്യ കമലക്കൊപ്പമാണ് മുഖ്യമന്ത്രി അബുദാബിയില്‍ എത്തിയത്. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യുസുഫലി, ഡോ. ആസാദ് മൂപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ അബുദാബി വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

വെള്ളി, ശനി ദിവസങ്ങളില്‍ ദുബൈയിലാണ് ലോക കേരള സഭയുടെ പ്രഥമ മിഡില്‍ ഈസ്റ്റ് മേഖലാ സമ്മേളനം. ദുബൈ ഇത്തിസലാത്ത് അക്കാദമിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ലോക കേരള സഭയുടെ ഏഴ് ഉപ സമിതികള്‍ തയ്യാറാക്കിയ ശിപാര്‍ശകളില്‍മേലുള്ള ചര്‍ച്ചകള്‍ നടക്കും. പ്രവാസികളുടെ പ്രശ്‌നങ്ങളും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള സമഗ്രമായ ചര്‍ച്ചകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുക.