റഫാല്‍ കരാര്‍ യുപിഎ കാലത്തേക്കാള്‍ 2.86 ശതമാനം വിലക്കുറവിലെന്ന് സിഎജി റിപ്പോര്‍ട്ട്

Posted on: February 13, 2019 11:18 am | Last updated: February 13, 2019 at 1:53 pm

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. റഫാല്‍ വില നിര്‍ണയത്തില്‍ വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇപ്പോഴത്തെ കരാറില്‍ യുപിഎ കാലത്തേക്കാളും 2.86 ശതമാനം അടിസ്ഥാന വിലയില്‍ വിമാനങ്ങള്‍ക്ക് കുറവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വില സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലില്ല.

രാജ്യസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ 36 പേജുകളിലാണ് റഫാല്‍ പരാമര്‍ശിക്കുന്നത്. യുപിഎ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത 126 വിമാനങ്ങളുടെ കരാറിനേക്കാള്‍ 17.08 ശതമാനം തുക പുതിയ കരാറില്‍ ലാഭിക്കാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, യുപിഎ കാലത്തെ കരാറിനേക്കാള്‍ ഒമ്പത് ശതമാനം കുറവുണ്ടെന്നുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദത്തെ തള്ളുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തള്ളി. സിഎജിയായ രാജീവ് മെഹര്‍ഷി 2016ല്‍ 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറുണ്ടാക്കുന്ന കാലത്ത് ധനകാര്യ സെക്രട്ടറിയായിരുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ മെഹര്‍ഷിക്ക് മേല്‍ സമ്മര്‍ദമുണ്ടായിട്ടുണ്ടാകാമെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചു.

റിപ്പോര്‍ട്ട് കഴിഞ്ഞദിവസം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹര്‍ഷിയാണ് റിപ്പോര്‍ട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ചത്.
ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് സി എ ജി റിപ്പോര്‍ട്ട് പാര്‍ലിമെന്റിലെത്തുന്നത്. റാഫേല്‍ ഇടപാടിനെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വന്‍ അഴിമതി ആരോപണം ഉന്നയിച്ചുവരികയാണ്.