Connect with us

National

അമിത് ഷായുടെ ഗോവ സന്ദര്‍ശനം പരീക്കറുടെ വസതിയില്‍ നിന്ന് റഫാല്‍ രേഖകള്‍ കൈക്കലാക്കാനെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

പനാജി: ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച ഗോവയിലെത്തിയത് മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ കിടപ്പറയില്‍ നിന്ന് റഫാല്‍ രേഖകള്‍ കൈവശപ്പെടുത്താനാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നിര്‍ണായക രേഖകള്‍ അമിത് ഷാ കൈക്കലാക്കിയിട്ടുണ്ടെങ്കില്‍ പരീക്കറിന്റെ ബ്ലാക്ക് മെയിലിംഗില്‍ നിന്നൊഴിവാകാനും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാനും ബി ജെ പിക്കു കഴിയുമെന്ന് ഗോവ കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ചോര്‍ന്നു കിട്ടിയ രേഖകള്‍ പരീക്കറുടെ വസതിയില്‍ ഒളിപ്പിച്ചു വച്ചിരുന്നതാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. രേഖകള്‍ ഇനിയും ചോരാതിരിക്കാനുള്ള കരുതല്‍ നടപടിയുടെ ഭാഗമായാണ് അമിത് ഷാ എത്തിയതെന്നു വേണം അനുമാനിക്കാന്‍. ഇതിന്റെ ഭാഗമായി റഫാല്‍ ഇടപാടിന്റെ മുഴുവന്‍ ഫയലുകളും ബി ജെ പി അധ്യക്ഷന്‍ പരീക്കറിന്റെ വീട്ടില്‍ നിന്നു കൊണ്ടുപോയിട്ടുണ്ടാകും.

ഇടപാടിന്റെ പ്രധാന ഫയലുകള്‍ മുന്‍ പ്രതിരോധ മന്ത്രി കൂടിയായ പരീക്കര്‍ വീട്ടില്‍ സൂക്ഷിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയും മാധ്യമ പ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണത്തിലെ വിവരങ്ങളെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു.