Connect with us

National

മോദി പാക് പ്രധാനമന്ത്രിയെ പോലെ പെരുമാറുന്നു: കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദി ലോക നുണയനാണെന്നും അദ്ദേഹം പാക് പ്രധാനമന്ത്രിയെപ്പോലെ പെരുമാറുന്നുവെന്നുമായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിരാഹാര സമരം നടത്തിയ വേദിയിലെത്തിയാണ് കെജ്‌രിവാള്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാറുകളോടുള്ള മോദിയുടെ ഇടപെടല്‍ അത്തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ മാത്രം പ്രധാനമന്ത്രിയല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താങ്കളെന്നകാര്യം അദ്ദേഹത്തോട് പറയാനാഗ്രഹിക്കുന്നു.

കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാറും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പരാമര്‍ശം. കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി 40 സി ബി ഐ ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാളിലേക്ക് അയച്ചുവെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ഓരോ സംസ്ഥാനത്തെയും ഉദ്യോഗസ്ഥരും പോലീസും സംസ്ഥാന സര്‍ക്കാറിനോടല്ല കേന്ദ്രത്തോടാണ് കൂറുപുലര്‍ത്തേണ്ടതെന്ന സന്ദേശം നല്‍കാനാണിതെന്ന് അദ്ദേഹം ആരോപിച്ചു.

കെജ്‌രിവാളിന് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നാഷനല്‍ കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണ്‍ ഫറൂഖ് അബ്ദുല്ല, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍, ഡി എം കെ നേതാവ് തിരുച്ചി ശിവ, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് തുടങ്ങിയവര്‍ ചന്ദ്രബാബു നായിഡുവിന് പിന്തുണയറിയിച്ച് സമര വേദിയിലെത്തി. പ്രതിപക്ഷ നേതാക്കളുടെ സംഗമ ഭൂമിയാകുകയായിരുന്നു സമര പന്തല്‍.

Latest