Connect with us

Kozhikode

ബസിന് നേരെ വെടിയുതിര്‍ത്തു; ഫറോക്കില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Published

|

Last Updated

 

ഫറോക്ക്: രാമനാട്ടുകര ദേശീയപാതയില്‍ കാറിലെത്തിയ സംഘം ടൂറിസ്റ്റ് ബസിന് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഫറോക്ക് പോലീസിന്റെ പിടിയിലായി. ഫറോക്ക് ചുങ്കം സ്വദേശികളെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.

മലപ്പുറം സ്വദേശിയായ യുവാവിന്റെ ഉടമസ്ഥതയിലുള്ള വാടകയ്ക്കായി നല്‍കിയ കാറിലാണ് സംഭവം അരങ്ങേറിയത്. വെള്ള നിറത്തിതിലുള്ള കെ എല്‍ 07 സി ബി. 6886 നമ്പറിലുള്ള ഹ്യുണ്ടായ് ഐ 20 കാറും വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച എയര്‍ഗണ്ണും പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ കാര്‍ ശനിയാഴ്ച രാത്രി ഒന്നോടെയാണ് ഫറോക്ക് സ്റ്റേഷനിലെത്തിച്ചത്. രാമനാട്ടുടകര പരിസരത്ത് നിന്നാണ് കാര്‍ ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനം മറികടന്നതിനെ ചൊല്ലിലുള്ള തര്‍ക്കമാണ് വെടിവെപ്പിലേക്ക് കലാശിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് സംഭവം നടന്നത്. മലപ്പുറം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ വിദ്യാര്‍ഥികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : ദേശീപാതയിലൂടെ കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പലതവണ ബസിനെ മറികടന്ന് വിദ്യാര്‍ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് രാമനാട്ടുകര ദേശിയ പാതയില്‍ തൊണ്ടയാട് രാമനാട്ടുകര ബൈപാസിലെ രാമനാട്ടുകര മേല്‍പാലത്തില്‍ ഓടികൊണ്ടിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിനുനേരെ കാര്‍ യാത്രാസംഘം വെടിയുതിര്‍ത്തതായി അഭ്യൂഹം പരന്നത് . ഇത് സംബന്ധിച്ച് ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കാന്‍ ഫറോക്ക് എസ്.ഐ. അനില്‍കുമാറിന്റെ നേതൃത്യത്തില്‍ പൊലീസ് സംഘം രാമനാട്ടുകരയില്‍ എത്തി പരിശോധന നടത്തുകയായിരുന്നു . മലപ്പുറം സ്വദേശിയായ യുവാവിന്റെ ഉടമസ്ഥതയിലുള്ള വാടകയ്ക്കായി നല്‍കിയ കാറാണ് ഇതിനായി ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു . രാത്രി ഏറെ വൈകിയും എസ് ഐ ഉള്‍പ്പെടെയുള്ള സംഘം നടത്തിയ പരിശോധന തുടരുന്നതിനിടയിലാണ് കാറില്‍ ഘടിപ്പിച്ച നാവിഗേഷന്റെ സഹായത്തോടെയാണ് പിന്നീട് പോലീസ് കാര്‍ കസ്റ്റഡിയിലെടുക്കുന്നത് . സംഭവത്തില്‍ പരാതിയൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ പിടിയിലായ വിദ്യാര്‍ത്ഥികളെ ഫറോക്ക് പോലീസ് ചോദ്യം ചെയ്ത് ഇന്നലെ ഉച്ചയോടെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത എയര്‍ഗണ്ണും കാറും വിട്ടുനല്‍കിയിട്ടില്ല. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

രാമനാട്ടുകര ദേശീയപാതയില്‍ കാറിലെത്തിയ സംഘം ടൂറിസ്റ്റ് ബസിന് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത സംഭവത്തില്‍ ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത കാര്‍.