National
റഫാല്‍ കരാറില്‍ കേന്ദ്രം ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്; അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ ഒഴിവാക്കി
ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാറിന് മേല്‍ കൂടുതല്‍ കുരുക്കുകളുമായി തെളിവുകള്‍ പുറത്ത്. കരാറില്‍ അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ ഒഴിവാക്കിയതിന്റെ തെളിവുകള്‍ ദി ഹിന്ദു ദിനപത്രം പുറത്തുവിട്ടു. അഴിമതി വിരുദ്ധ വ്യവസ്ഥ ഒഴിവാക്കിയെന്ന വിവരം സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മറച്ചുവെച്ചുവെന്ന് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റഫാല്‍ ഇടാപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് ഏറെ നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കരാറില്‍ അനധിക്യത ഇടപെടലോ വീഴ്ചകളോ സംഭവിച്ചാല്‍ കമ്പനിയില്‍നിന്നും പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി നല്‍കിയത്. അതുകൊണ്ട് തന്നെ അത്തരം ഇടപെടലോ വീഴ്ചകളോ സംഭവിച്ചാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എംബിഡിഎയില്‍നിന്നോ പിഴ ഈടാക്കാനാകില്ല. പുതിയ വെളിപ്പെടുത്തലുകളോടെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും ഏറെ പ്രതിരോധത്തിലായിരിക്കുകയാണ്. റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെടല്‍ നടത്തുന്നതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തെറ്റാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം.


