Connect with us

Articles

പൊരിച്ച കോഴിയും ചപ്പാത്തിയും പാര്‍സല്‍ !

Published

|

Last Updated

ആദ്യ രാത്രി. നവവധു പറഞ്ഞു: നമുക്കൊരു വീട് വേണം. ഈ പറമ്പിന്റെ അങ്ങേത്തലയ്ക്കല്‍. വേഗം തന്നെ കുറ്റിയടിക്കണം.
നമ്മള്‍ ജീവിതം തുടങ്ങുന്നല്ലേയുള്ളൂ. അതവിടിരിക്കട്ടെ. എന്നിട്ടോ?
പിറ്റേ ദിവസം എന്‍ജിനീയറെ കൊണ്ടുവന്ന് പ്ലാന്‍ വരപ്പിക്കണം. മൂന്ന് ബെഡ്‌റൂം താഴെ, ബാത്ത് അറ്റാച്ച്ഡ്. രണ്ട് റൂം മുകളില്‍. ബാല്‍ക്കണി. ദൂരെയുള്ള വയല്‍ കണികാണണം.
നമ്മള്‍ രണ്ട് പേരേയുള്ളൂ എന്നോര്‍മ വേണം. അതവിടിരിക്കട്ടെ. എന്നിട്ടോ?
റൂമിന്റെ വലുപ്പം, ഗാംഭീര്യം, സൗന്ദര്യം എന്നിവയൊക്കെ അറിയണമെങ്കില്‍ ദേ, ഈ വാട്‌സ്ആപ്പിലുണ്ട്. കൂട്ടുകാരി അയച്ചു തന്നതാ.
കണ്ടു, കണ്ടു. നന്നായിട്ടുണ്ട്. എന്നിട്ടോ?
സ്വീകരണ മുറി, പഠന മുറി, വിശ്രമ മുറി, വിനോദ മുറി എന്നിവയും വേണം.
വിനോദ മുറിയോ?
ടി വി കാണാനും വാട്‌സ്ആപ് നോക്കാനും ഫെയ്‌സ്ബുക്ക് ആസ്വദിക്കാനും ആണ് ഈ മുറി. പുറത്ത് നിന്ന് യാതൊരു ശല്യവും ഉണ്ടാകരുത്.
നീ പറഞ്ഞതില്‍ കാര്യമുണ്ട്. നമ്മള്‍ ലൈക്ക് അടിക്കാന്‍ തുടങ്ങുമ്പോഴായിരിക്കും ആരെങ്കിലും പുറത്ത് നിന്ന് വിളിക്കുന്നത്. ആകെ കണ്‍ഫ്യൂഷനാകില്ലേ? എന്നിട്ടോ?
ഇനി അടുക്കളയുടെ കാര്യം. അതൊരു സംഭവമായിരിക്കണം. നാലാള്‍ കണ്ടാല്‍ നല്ലതു പറയണം. വിശാലമായ അടുക്കള. ഇരിക്കാനും വിശ്രമിക്കാനും ഇടം വേണം.
എത്ര കിലോമീറ്ററാണ് ഉദ്ദേശിക്കുന്നത്. അതിരിക്കട്ടെ. എന്നിട്ടോ?
ഇനി നമ്മള്‍ പുറത്തിറങ്ങുന്നു. മുറ്റം. ഇന്റര്‍ ലോക്ക് പതിച്ചതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. പോര്‍ച്ചും കാറും പറയാതെ തന്നെ അറിയാമല്ലോ?
മതിലിന്റെ കാര്യം കൂടി പറഞ്ഞാല്‍ നമുക്ക് ഉറങ്ങാമായിരുന്നു.
മതിലിന്റെ ഏറ്റവും പുതിയ ചിത്രം നാളെ ആപ്പില്‍ വരും. കൊത്തുപണികളുമുണ്ടാകും.
അതിരിക്കട്ടെ. ഇതിനൊക്കെ എത്ര ചെലവ് വരുമെന്നാ വിചാരിക്കുന്നത്?
അമ്പത് ലക്ഷം കടക്കുമെന്നാണ് തോന്നുന്നത്. നേരത്തെ പറയാമല്ലോ. കടമാണ്. ബേങ്കുകാര്‍ തരും. കുറച്ച് ആഭരണങ്ങള്‍ പണയം വെക്കുകയും ചെയ്യാം.
ലോണാണ് ഈ വീടിന്റെ ഐശ്വര്യം എന്നു പറഞ്ഞാല്‍ തെറ്റാകുമോ?
നാളെ രാവിലെ നമുക്ക് ടൗണിലേക്ക് പോകണം. വീടുമായി ബന്ധപ്പെട്ട പ്രദര്‍ശനം നടക്കുന്നുണ്ട്. പുതിയ ട്രെന്റ് മനസ്സിലാക്കണം.
വീട് പണി തീര്‍ന്നു. പാലു കാച്ചല്‍ കഴിഞ്ഞു. അതിഥികള്‍ ഒഴിഞ്ഞു. തൃപ്തിയായി. എന്നിട്ടോ?
പിറ്റേ ദിവസം രാവിലെ നിങ്ങള്‍ ടൗണിലേക്ക് പോകുന്നു. ഫാസ്റ്റ് ഫുഡ് കടയില്‍ കയറുന്നു. രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണം വാങ്ങുന്നു.
എന്നിട്ടോ?
പുതിയ ഡൈനിങ് ടേബിളില്‍ വെച്ച് കഴിക്കുന്നു. വൈകുന്നേരം വീണ്ടുമൊരു യാത്ര. വൈകീട്ടെന്താ വേണ്ടതെന്നോ? പൊരിച്ച കോഴിയും ചപ്പാത്തിയും പാര്‍സല്‍!

നാണു ആയഞ്ചേരി

---- facebook comment plugin here -----

Latest