അബൂദബി കോടതികളില്‍ ഹിന്ദി ഇനി മൂന്നാം ഔദ്യോഗിക വ്യവഹാര ഭാഷ

Posted on: February 10, 2019 4:05 pm | Last updated: February 10, 2019 at 7:37 pm

ദുബൈ: അബൂദബിയിലെ കോടതികളില്‍ ഇന്ത്യന്‍ ദേശീയ ഭാഷയായ ഹിന്ദി മൂന്നാമത്തെ ഔദ്യോഗിക വ്യവഹാര ഭാഷയായി ഉള്‍പ്പെടുത്തി. അറബിക്കും ഇംഗ്ലീഷുമാണ് ആദ്യ രണ്ടെണ്ണം. കേസുകളില്‍ വാദപ്രതിവാദങ്ങള്‍ സുഗമമാക്കുന്നതിനും മെച്ചപ്പെട്ട നീതി ലഭ്യമാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് അബൂദബി ജുഡീഷ്യല്‍ വകുപ്പ് (എ ഡി ജെ ഡി) വ്യക്തമാക്കി.

ഹിന്ദി ഭാഷ സംസാരിക്കുന്നവര്‍ക്കു വ്യവഹാര നടപടികള്‍, അവകാശങ്ങള്‍, കര്‍ത്തവ്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവര്‍ത്തകനെ കൂടാതെ മനസ്സിലാക്കുന്നതിനും എ ഡി ജെ ഡി വെബ്‌സൈറ്റുകളില്‍ വിവരങ്ങള്‍ ലഭ്യമാക്കി രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ഇതു സഹായിക്കും.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം യു എ ഇയിലെ 90 ലക്ഷം വരുന്ന ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും ശതമാനവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. ഇവരില്‍ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതല്‍-26 ലക്ഷം. മൊത്തം ജനസംഖ്യയുടെ 30 ശതമാനം വരുമിത്.

വ്യവഹാര രേഖകള്‍, ഹരജികള്‍ തുടങ്ങിയവക്കായി പല ഭാഷകള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വ്യവഹാര നടപടികളുടെ സുതാര്യത വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് എ ഡി ജെ ഡി അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ ആബ്രി പറഞ്ഞു.