തിരക്കില്ലാത്ത ദിവസം

രണ്ട് കഥകള്‍
Posted on: February 10, 2019 2:32 pm | Last updated: February 10, 2019 at 2:32 pm

അയാള്‍ക്ക് ഒന്നിനും സമയം കിട്ടാറില്ല; ഉണ്ണാനും ഉറങ്ങാനും പോലും.
പൊതുപരിപാടികള്‍, കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗങ്ങള്‍, കൂടിക്കാഴ്ചകള്‍. പലതും കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ചില മുഖങ്ങള്‍. വട്ടക്കണ്ണട വെച്ച് ശോഷിച്ച് വെളുത്ത ജുബ്ബ ധരിച്ച വൃദ്ധന്‍; കൈയില്‍ നിവേദനക്കടലാസ്.
‘മാറി നില്‍ക്കൂ, സാര്‍ തിരക്കിലാണ്. ഓഫീസില്‍ കൊടുക്കൂ’ പി എ തള്ളി മാറ്റുമ്പോള്‍ കണ്ണടച്ചിലുകള്‍ക്കുള്ളില്‍ മഞ്ഞുകണങ്ങള്‍ കാഴ്ച മറച്ചുവോ?
കാറില്‍ കയറുമ്പോള്‍ ചപ്രത്തലമുടിയുള്ള എല്ലിച്ച ദേഹമുള്ള വൃദ്ധ; കണ്ണുകളില്‍ വെളിച്ചം വറ്റിത്തുടങ്ങിയിരിക്കുന്നു.
‘സാറേ രണ്ട് കൊല്ലമായി വില്ലേജാപ്പീസ് കേറിയെറങ്ങി നടക്കുവാ. പട്ടയം കിട്ടാത്തോണ്ട് ഒരു കൂര വെയ്ക്കാനൊക്കണില്ല. സഹായിക്കണം….’
ഗണ്‍മാന്‍ അവരെ മാറ്റി നിര്‍ത്തി, ‘സാറ് തിരക്കിലാണ്, ഓഫീസില്‍…’
അയാളെ സംബന്ധിച്ച് തിരക്കില്ലാത്ത ഒരു ദിവസമായിരുന്നു അന്ന്. അയാളുടെ നെഞ്ചത്ത് സമര്‍പ്പിക്കാന്‍ പുഷ്പചക്രങ്ങളും മുതലക്കണ്ണീരുമായെത്തിയ നിരവധി പേരുണ്ടായിരുന്നു.

 

അഹം ബ്രഹ്മാസ്മി

ആത്മാവ് ചോദിച്ചു:
‘നീ ആരാണ്?’
അവള്‍ പറഞ്ഞു: ‘നിനക്കറിയില്ലേ
എന്നെ?’
‘ഇല്ല’
‘ഞാന്‍ നീ തന്നെയല്ലേ’
മുത്തുകള്‍ കിലുങ്ങുന്ന ശബ്ദത്തില്‍
അവള്‍ ചിരിച്ചു.
.