കേരളത്തിലെ സര്‍വകലാശാലകളുടെ സേവനങ്ങളെല്ലാം ഓണ്‍ലൈനാകുന്നു

Posted on: February 10, 2019 12:24 pm | Last updated: February 10, 2019 at 12:24 pm

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളുടെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള അറിയിപ്പ് മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.
എലിജിബിലിറ്റി, ഇക്വലന്‍സി, മൈഗ്രേഷന്‍, പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്‌ലിസ്റ്റ്, കോളജ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, പരീക്ഷാ കലണ്ടര്‍, അറിയിപ്പുകള്‍, പ്രധാന തീയതികള്‍, ഉത്തരവുകള്‍, സര്‍ക്കുലറുകള്‍ എന്നിവയെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാകും.

വിദ്യാര്‍ഥികള്‍ കോളജില്‍ പഠനാവശ്യത്തിന് മാത്രം വരുന്ന സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
ഫീസുകള്‍ ഓണ്‍ലൈനില്‍ അടക്കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ ഒപ്പോടെയാണ് നല്‍കുക. എം ജി സര്‍വകലാശാല വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കി അര മണിക്കൂറിനകം സേവനം ലഭിക്കുന്ന സാഹചര്യമാണ്് ഒരുങ്ങുന്നത്.

സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക് പൂര്‍ണമായി മാറുന്നതിന് മുന്നോടിയായി സര്‍വകലാശാലകളിലെ കമ്പ്യൂട്ടര്‍ വിഭാഗം മേധാവികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഓണ്‍ലൈന്‍ ചോദ്യപേപ്പറും ഓണ്‍ലൈന്‍ ചോദ്യബേങ്കും തയ്യാറാക്കും. എം ജി സര്‍വകലാശാല ഈ സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കണ്ണൂരില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.
പരീക്ഷക്ക് അര മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനില്‍ നിന്ന് ചോദ്യപേപ്പര്‍ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രിന്‍സിപ്പലിന് ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ചാണ് ചോദ്യപേപ്പര്‍ എടുക്കുന്നത്. സി സി ടി വി ക്യാമറ ഉപയോഗിച്ച് കോളജിലെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും സംവിധാനമുണ്ടാകും.

ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ സംവിധാനം നിലവില്‍ വരുന്നതോടെ ചോദ്യപേപ്പര്‍ മാറുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാകും. കോളജുകളില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂമുകളും ലൈബ്രറിയും തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോളജുകളെയും സര്‍വകലാശാലകളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിനുള്ള സൗകര്യവും എല്ലായിടത്തുമുണ്ടാകും. സ്റ്റുഡന്റ് ഗ്രിവന്‍സ് സെല്ലുകളും ഓണ്‍ലൈനാകും.