പ്രൊഫഷണല്‍ വിദ്യാര്‍ഥികളെ വിരുന്നൂട്ടി നീലഗിരി; പ്രൊഫ്സമ്മിറ്റിന് ഇന്ന് സമാപനം

Posted on: February 10, 2019 10:32 am | Last updated: February 10, 2019 at 12:13 pm
എസ്എസ്എഫ് പ്രൊഫ്സമ്മിറ്റ് 2019 ന്റെ ഉദ്ഘാടനം നീലഗിരിയില്‍ വെങ്കടേശ് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

നീലഗിരി: തമിഴ്നാട്ടിലെ നീലക്കുറിഞ്ഞി പൂക്കുന്ന നീലഗിരിയിലെ പാടന്തറ ഗ്രാമത്തില്‍ പന്ത്രണ്ടാമത് പ്രൊസ്സമ്മിറ്റിന് സ്‌നേഹോഷ്മള വരവേല്‍പ്പ്. കലാലയങ്ങളില്‍ നിന്ന് എസ്എസ്എഫ് ഒരുക്കിയ അറിവിന്റെ ലോകത്തേക്ക് വന്നിറങ്ങിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ നീലഗിരിയില്‍ പാടന്തറ മര്‍കസ് സാരഥികള്‍ വിരുന്നൂട്ടി. രാജ്യത്തെ വിവിധ കാമ്പസുകളിലെ ആയിരക്കണക്കിന് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളാണ് പ്രൊഫ്സമ്മിറ്റിന് പങ്കെടുക്കാന്‍ എത്തിയത്. പാടന്തറ മര്‍കസ് സാരഥികളായ ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്ലിയാര്‍, സയ്യിദ് അലി അക്ബര്‍ സഖാഫി, സി.കെ.കെ മദനി എന്നിവരും എസ്.എസ്.എഫ് സംസ്ഥാന നേതാക്കളായ സി.കെ റാഷിദ് ബുഖാരിയും, എ.പി മുഹമ്മദ് അശ്ഹറും ചേര്‍ന്നാണ് വിദ്യാര്‍ഥികളെ സ്വീകരിച്ചത്. രജിസ്ട്രേഷന്‍ സംവിധാനത്തിന് വിപുലമായ ആധുനിക സംവിധാനങ്ങളാണ് പ്രധാന കവാടത്തോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രതിനിധികളെ നീലഗിരി വിഭവങ്ങളാലാണ് മര്‍കസ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. ചായ, കാപ്പി, ജ്യൂസുകള്‍, പലഹാരങ്ങള്‍, പഴങ്ങള്‍ തുടങ്ങിയ വ്യത്യസ്ത ഭക്ഷ്യവിഭവങ്ങളൊരുക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് താമസത്തിനും ഭക്ഷണത്തിനും പ്രാഥമിക കര്‍മ്മങ്ങള്‍ക്കും വിശാലമായ സൗകര്യങ്ങളുമാണ് പ്രധാനവേദിയോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. പ്രൊഫ്സമ്മിറ്റിന്റെ വിവിധ സെഷനുകള്‍ മൂന്ന് വേദികളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന വേദിയായ പാം നവയില്‍ നാലായിരം പ്രതിനിധികള്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം വേദിയായ പാം സെഞ്ചറും മൂന്നാം വേദിയായ പാം ഗീലാനും മര്‍കസ് കാമ്പസിനുള്ളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇസ്ലാമിക് പബ്ലീഷിംഗ് ബ്യൂറോ (ഐ.പി.ബി) യുടെ പുസ്തകോത്സവത്തില്‍ വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ സ്വീകരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. എസ് വൈ എസിന്റെ സാന്ത്വനം സമിതിക്ക് കീഴില്‍ മെഡിക്കല്‍ വിഭാഗവും ആംബുലന്‍സ് സംവിധാനവുമുണ്ട്.

എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസംഗിക്കുന്നു

പ്രൊഫ്സമ്മിറ്റിന് ഇന്ന് സമാപനം

നീലഗിരി: പഠന വഴിയിലെ മറക്കാത്ത അനുഭവമായി പന്ത്രണ്ടാമത് പ്രൊഫ്സമ്മിറ്റിന് ഇന്ന് സമാപനമാവും. മൂന്ന് ദിവസത്തെ പ്രഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനത്തിന് പരിസമാപ്തി ആകുമ്പോള്‍ അറിവിന്റെ പുതിയ ലോകവുമായാണ് നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ തിരിച്ച് കാമ്പസുകളിലേക്ക് മടങ്ങുന്നത്. മൂന്ന് ദിവസവും ക്രിയാത്മകവും സര്‍ഗാത്മകവുമായ ഉപയോഗപ്പെടുത്തുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. നീലഗിരിയിലെ കൊടും തണുപ്പിനെ വകഞ്ഞുമാറ്റി അതിരാവിലെ തഹജ്ജുദിനും സുബ്ഹി നമസ്‌കരാത്തിനുമായി പള്ളിയിലെത്തുന്നത് അത്യുപൂര്‍വ്വ കാഴ്ചയായിരുന്നു. പ്രൊഫ്സമ്മിറ്റ് അമീര്‍ സി.പി ഉബൈദുള്ള സഖാഫിയുടെ പ്രഥമ സെഷനോട് കൂടിയാണ് രണ്ടാം ദിനം ആരംഭിച്ചത്. ഇന്നലെ നടന്ന വിവിധ സെഷനുകള്‍ക്ക് സി.കെ റാഷിദ് ബുഖാരി, എന്‍.എം സാദിഖ് സഖാഫി, സിബ്ഗത്തുള്ള സഖാഫി, എം മുഹമ്മദ് സാദിഖ്, കെ.സി സുബിന്‍, ചേറൂര്‍ അബ്ദുള്ള മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എം അബ്ദുല്‍ മജീദ്, ഡോ. അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശ്ശോല, ഡോ. അബ്ദുസലീം പി.കെ, ഡോ. അഹ്മദ് ജുനൈദ്, ഡോ. അലി മുഹമ്മദ്, മുഹിയദ്ദീന്‍ ബുഖാരി, മുഹമ്മദ് നിയാസ്, എന്‍.വി അബ്ദുറസാഖ് സഖാഫി, ഇബ്രാഹീം ബാഖവി, ഇബ്രാഹീം സഖാഫി കുമ്മോളി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി എന്നിവര്‍ നേതൃത്വം നല്‍കി. രാത്രി നടന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, പി.കെ അബ്ദുറഹ്മാന്‍ ബാഖവി എന്നിവര്‍ സംബന്ധിച്ചു. രണ്ടാം ദിനം ഡോ. ജാസിമും സംഘവും അവതരിപ്പിച്ച കാവ്യാസ്വാദനത്തോടെയാണ് പരിസമാപ്തിയായത്. ഇന്ന് രാവിലെ ഹാമിദലി സഖാഫിയുടെ സെഷനോടെ വേദികള്‍ ഉണരും. വിവിധ സെഷനുകള്‍ക്ക് കെ. അബ്ദുല്‍ കലാം, കെ അബ്ദുറശീദ്, ജമാല്‍ മാളിക്കുന്ന്്, ബാബു പ്രദീബ്, എഞ്ചിനിയര്‍ അബ്ദുറഊഫ് ബാംഗ്ലൂര്‍, സുഹൈല്‍ പാലക്കോട്, അബ്ദുറശീദ് സഖാഫി ഏലംകുളം, ഡോ. ശൗക്കത്തലി സഖാഫി, ഡോ. നൂറുദ്ദീന്‍ റാസി എന്നിവര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് ഒരു മണിക്ക് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി.കെ റാഷിദ് ബുഖാരിയുടെ വിദാഅ് സെഷനോട് കൂടി പ്രൊഫ്സമ്മിറ്റിന് സമാപനമാവും.