എം എല്‍ എമാര്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ്

Posted on: February 10, 2019 9:07 am | Last updated: February 10, 2019 at 11:30 am

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം എല്‍ എമാരെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പി സി സി അധ്യക്ഷന്‍മാരും പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സിറ്റിംഗ് എം എല്‍ എമാര്‍ക്ക് പുറമെ രാജ്യസഭാംഗങ്ങളെയും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഒരേ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥികളുണ്ടാകാന്‍ പാടില്ലെന്നും രാഹുല്‍ നേതാക്കളോട് വ്യക്തമാക്കി.

എന്നാല്‍, സംസ്ഥാനത്തെ കോണ്‍ഗ്രസ് സിറ്റിംഗ് എം പിമാര്‍ക്കെല്ലാം ഒരു അവസരം കൂടി നല്‍കാമെന്ന് യോഗത്തില്‍ ധാരണയായി. രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളില്‍ സിറ്റിംഗ് എം പിമാര്‍ക്ക് മുന്‍ഗണന നല്‍കാന്‍ രാഹുല്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് കേരളത്തില്‍ നിന്നുള്ള നിലവിലെ സിറ്റിംഗ് എം പിമാര്‍ക്ക് വീണ്ടും മത്സരിക്കുന്നതിന് അവസരം വന്നുചേര്‍ന്നത്.
അതേസമയം, പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ട ഓരോ മണ്ഡലത്തിലും മൂന്ന് പേരുടെ വീതം പട്ടിക നല്‍കാനാണ് നിര്‍ദേശം. ഈ മണ്ഡലങ്ങളില്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും യുവത്വത്തിനുമാകണം പ്രാധാന്യം. എന്നാല്‍, ഈ നിബന്ധനകളിലെല്ലാം വിജയ സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ അംഗീകാരത്തോടെ മാറ്റങ്ങള്‍ വരുത്താം. ഈ മാസം 25നകം സ്ഥാനാര്‍ഥി പട്ടിക നല്‍കാനാണ് സംസ്ഥാനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയത്.

കേരളത്തില്‍ സിറ്റിംഗ് മണ്ഡലമായ വടകരയിലും വയനാട്ടിലും പുതിയ സ്ഥാനാര്‍ഥികളെത്തും. പി സി സി അധ്യക്ഷന്‍മാര്‍ മത്സരിക്കേണ്ടതില്ലെന്നതാണ് പൊതുതീരുമാനം. ഈ സാഹചര്യത്തില്‍ വടകര എം പി കൂടിയായ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വീണ്ടും മത്സരിക്കണമെങ്കില്‍ രാഹുലിന്റെ പ്രത്യേകാനുമതി ആവശ്യമായി വരും. വയനാട് എം പിയായിരുന്ന എം ഐ ഷാനവാസ് മരിച്ച സാഹചര്യത്തില്‍ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. സിറ്റിംഗ് സീറ്റല്ലാത്ത മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ എത്രയും വേഗം നിശ്ചയിക്കണമെന്നും രാഹുല്‍ നിര്‍ദേശം നല്‍കി.

സംഘടനാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തതോടെ കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാത്ര നടക്കുന്നതിനാല്‍ മുല്ലപ്പള്ളി യോഗത്തിനെത്തിയിരുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വിളിച്ച ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന്റെ തുടര്‍ച്ചയാണ് പി സി സി അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചത്.