Connect with us

Kerala

പിണറായി റഫാലിനെ കുറിച്ച് മിണ്ടാത്തത് ലാവ്‌ലിന്‍ എതിരെ വരുമെന്ന ഭീതിയില്‍: മുല്ലപ്പള്ളി

Published

|

Last Updated

കോഴിക്കോട്: സി പി എമ്മും ആര്‍ എസ് എസുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതായും കേന്ദ്ര സര്‍ക്കാറിനെ സി പി എമ്മിനു ഭയമാണെന്നും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമഹായാത്രയുടെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് നടത്തിയ പൊതു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി.

ഇറ്റലിയില്‍ പോയി മുസോളിനിയില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചു രൂപവത്കരിച്ച സംഘടനയാണ് ആര്‍ എസ് എസ്. അതിന് ജനാധിപത്യ, മതേതര മൂല്യങ്ങളെ സംബന്ധിച്ച് ഒന്നുമറിയില്ല. കേന്ദ്രത്തില്‍ ആര്‍ എസ് എസ് പിന്തുണയോടെ അധികാരത്തിലിരിക്കുന്ന ബി ജെ പി രാജ്യത്തെ തകര്‍ത്തു തരിപ്പണമാക്കിയിരിക്കുകയാണ്.

വീണ്ടും അധികാരത്തിലേറാന്‍ മോദി കരുക്കള്‍ നീക്കുമ്പോള്‍ അതു തടയാനാണ് കോണ്‍ഗ്രസ് മതേതര മുന്നണിക്കു നേതൃത്വം നല്‍കുന്നത്. എന്നാല്‍, കോടിയേരിയുടെയും പിണറായിയുടെയും കേരള ഘടകം മാത്രം ഇതിനെതിരെ നിലകൊള്ളുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ ആരോപിച്ചു. ആര്‍ എസു എസുമായി രഹസ്യ ബന്ധം ഉണ്ടാക്കിയതിന്റെ തെളിവാണിത്.

ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയായ റഫേല്‍ ഇടപാടിനെ കുറിച്ച് പാര്‍ലിമെന്റില്‍ പോലും സംസാരിക്കാന്‍ സി പി എം തയാറായിട്ടില്ല. ലാവ്‌ലിന്‍ കേസ് ബി ജെ പി കുത്തിപ്പൊക്കുമെന്നു ഭയന്നാണ് ഇതെന്നും മുല്ലപ്പള്ളി പറഞ്ഞു.