സ്മൃതിയുടെ വിലയിരുത്തല്‍ കൃത്യം; മധ്യനിര തകര്‍ന്ന് ഇന്ത്യ വീണ്ടും തോറ്റു, പരമ്പരയും കൈവിട്ടു

Posted on: February 8, 2019 4:18 pm | Last updated: February 8, 2019 at 10:22 pm

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി ട്വന്റിയില്‍ പുരുഷ ടീമിന് ഓക്‌ലന്‍ഡ് വിജയ വീഥിയൊരുക്കി പരമ്പരയില്‍ തിരിച്ചു വരാന്‍ അവസരമേകിയപ്പോള്‍ വനിതകള്‍ വീണ്ടും തോല്‍വി ഏറ്റുവാങ്ങി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും നഷ്ടമായി. ആദ്യ മത്സരത്തെ അപേക്ഷിച്ച് ആവശേം വാനോളമുയര്‍ന്ന രണ്ടാം പോരാട്ടത്തില്‍ അവസാന പന്തിലാണ് ന്യൂസിലന്‍ഡ് വിജയ റണ്‍ കുറിച്ചത്.

ടോസ് ലഭിച്ച ന്യൂസിലന്‍ഡ് സന്ദര്‍ശകരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ ഇന്ത്യക്കു കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തിലെ പോലെ മധ്യനിരയുടെ ഫോം ഔട്ട് തന്നെയാണ് ഇന്ത്യക്കു വിനയായത്. കഴിഞ്ഞ മത്സരത്തിനു ശേഷം ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ വിലയിരുത്തല്‍ സ്ഥിരീകരിക്കുന്ന രൂപത്തിലുള്ള ദയനീയ പ്രകടനമാണ് മധ്യനിരയുടെ ഭാഗത്തു നിന്നുണ്ടായത്.

53 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറിയും ഒരു സിക്‌സും പറത്തി 72 റണ്‍സെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സ്മൃതി 27 പന്തില്‍ 36 റണ്‍ അടിച്ചെടുത്തു. ഇന്ത്യന്‍ ടോട്ടല്‍ എട്ടില്‍ നില്‍ക്കെ ഓപ്പണര്‍ പ്രിയ പൂനിയ പുറത്തായി. തുടര്‍ന്നെത്തിയ ജമീമയുമായി ചേര്‍ന്ന് സ്മൃതി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 44 പന്തില്‍ നിന്ന് 63 റണ്‍സ് ഇവരില്‍ നിന്ന് പിറന്നു. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിഞ്ഞ ശേഷം ക്രീസിലെത്തിയവര്‍ പെട്ടെന്ന് കൂടാരം കയറാന്‍ മത്സരിച്ചു.

നായിക ഹര്‍മന്‍ പ്രീത് കൗര്‍ (അഞ്ച്), ഹേമലത (രണ്ട്), ദീപ്തി ശര്‍മ (ആറ്), അരുന്ധതി റെഡ്ഢി (മൂന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. ആറു റണ്‍സെടുത്ത രാധാ യാദവും സ്‌കോര്‍ ബോര്‍ഡ് തുറക്കാന്‍ കഴിയാതെ മാനസി ജോഷിയും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡും മികച്ച പ്രകടനമൊന്നും കാഴ്ചവച്ചില്ല. 52 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ അകമ്പടിയോടെ 62 നേടിയ സൂസി ബെയ്റ്റ്‌സ് ആണ് കീവീസിനെ വിജയ തീരത്തെത്തിച്ചത്. സോഫി ഡിവൈന്‍ (19), സ്റ്റാര്‍ത്‌വൈറ്റ് (23), കാത്തി മാര്‍ട്ടിന്‍ (13) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോര്‍. അവസാന ഓവറില്‍ കീവീസിന് ഒമ്പതു റണ്‍സ് വേണ്ടിയിരുന്നു.

മാനസി ജോഷി എറിഞ്ഞ ആദ്യ പന്ത് അതിര്‍ത്തി കടത്തി കാത്തി മാര്‍ട്ടിന്‍ ടീമിന്റെ സമ്മര്‍ദം കുറച്ചു. എന്നാല്‍, അടുത്ത പന്തില്‍ കാത്തി വീണു. പിന്നീട് (നാല്), കാസ്‌പെറെക് (നാല്) എന്നിവര്‍ ചേര്‍ന്ന് ന്യൂസിലന്‍ഡിന് വിജയം നേടിക്കൊടുത്തു.