ലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും അധിക സീറ്റ് ആഗ്രഹം പൂവണിയില്ല

Posted on: February 8, 2019 9:04 am | Last updated: February 8, 2019 at 10:39 am

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും അധിക സീറ്റ് ആവശ്യം ഒരു നിലക്കും പരിഗണിക്കില്ലെന്ന് വ്യക്തമായ സന്ദേശം നല്‍കി കോണ്‍ഗ്രസ്. മൂന്നാം സീറ്റ് ആവശ്യപ്പെട്ട് ലീഗും രണ്ടാം സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസും നടത്തുന്ന സമ്മര്‍ദങ്ങളും വിലപേശലുകളും അണികളെ തൃപ്തിപ്പെടുത്താനുള്ള നാടകം മാത്രമായി അവസാനിക്കും.
സങ്കീര്‍ണമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ പരമാവധി സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച് ജയിപ്പിക്കാനാണ് ദേശീയ നേതൃത്വം കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് നല്‍കിയ നിര്‍ദേശം. ഇക്കാര്യം ഘടകകക്ഷികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കഴിഞ്ഞു. അവരുടെ നേതാക്കള്‍ക്ക് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിറാജിനോട് പറഞ്ഞു.

ചില ഘടകകക്ഷി നേതാക്കള്‍ ഇപ്പോള്‍ തുടരുന്ന പ്രസ്താവനകള്‍ കാര്യമാക്കുന്നില്ല. കൂടുതല്‍ സീറ്റ് ആവശ്യപ്പെടണമെന്ന ഘടകകക്ഷികളുടെ യുവജന വിഭാഗത്തിന്റെയും പോഷക സംഘടനകളുടെയും അണികളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്തരം പ്രസ്താവനകള്‍. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ ഒരു മാറ്റവും യു ഡി എഫില്‍ ഉണ്ടാകില്ല. വീരേന്ദ്രകുമാര്‍ മുന്നണിവിട്ട് പോയതിനാല്‍ പാലക്കാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായ രാഷ്ട്രീയ ധ്രുവീകരണം സംബന്ധിച്ച് ഘടക കക്ഷി നേതാക്കള്‍ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി നേരിയ ഭൂരിപക്ഷത്തിന് ഭരണം നിലനിര്‍ത്തുമെന്നും പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ കരുത്തുകാട്ടുമെന്നും നിരവധി അഭിപ്രായ സര്‍വേകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പരമാവധി സീറ്റുകളില്‍ മത്സരിച്ച് ജയിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതില്‍ ദക്ഷിണേന്ത്യയില്‍ കേരളത്തിലും കര്‍ണാടകയിലുമാണ് പാര്‍ട്ടി വലിയ പ്രതീക്ഷ വെക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും നേരിയ പ്രതീക്ഷ പോലുമില്ല. തമിഴ്‌നാട്ടില്‍ ഡി എം കെയുടെ കാരുണ്യത്തില്‍ രണ്ടോ, മൂന്നോ സീറ്റുകള്‍ ലഭിച്ചേക്കാം. എന്നാല്‍ പാര്‍ട്ടി നയിക്കുന്ന മുന്നണികള്‍ നിലവിലുള്ള കേരളത്തിലും കര്‍ണാടകയിലും പരാമവധി സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം.

ഇരു സംസ്ഥാനങ്ങളിലെയും ഘടക കക്ഷികളെ ഇത് അറിയിച്ച് കഴിഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ ഒരു തരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കും കീഴടങ്ങേണ്ടെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിട്ടുള്ളത്. യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍, നേതാക്കളായ എ കെ ആന്റണി, കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, കെ സുധാകരന്‍ എന്നിവരെല്ലാം പല വേദികളിലായി ഇക്കാര്യം ഉണര്‍ത്തിക്കഴിഞ്ഞു.
കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫിന് മാത്രമാണ് അധിക സീറ്റെന്ന ആവശ്യമുള്ളത്. ഇത് സീറ്റിന് വേണ്ടിയല്ലെന്നും പാര്‍ട്ടിയിലെ അധികാര സമവാക്യവുമായി ബന്ധപ്പെട്ടതാണെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

നിലവിലെ സാഹചര്യത്തില്‍ മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നടപടിയും പി ജെ ജോസഫിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. മൂന്നാം സീറ്റിനായി കൂടുതല്‍ സമ്മര്‍ദം വേണ്ടെന്ന നിലപാടിലേക്ക് മുസ്‌ലിം ലീഗ് നേതൃത്വം എത്തിയതായാണ് വിവരം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സമ്മര്‍ദത്തിലൂടെ അഞ്ചാം മന്ത്രി സ്ഥാനം നേടിയെടുത്തത് പോലുള്ള ഒരു ശ്രമത്തിന് വീണ്ടും മുതിര്‍ന്നാല്‍ നിലവിലുള്ള സീറ്റുകളെ പോലും ഇത് ബാധിക്കുമെന്ന് ലീഗ് ഭയപ്പെടുന്നു.
മൂന്നാം സീറ്റ് ലഭിക്കില്ലെന്ന് ലീഗ് നേതൃത്വത്തിന് നേരത്തെ തന്നെ അറിയാവുന്നതാണ്. കോണ്‍ഗ്രസിന്റെ ശക്തമായ നിലപാടോടെ ലീഗിന്റെ ഭാഗത്ത് നിന്ന് മൂന്നാം സീറ്റിനായുള്ള ആവശ്യം ഏതാണ്ട് അസ്ഥമിച്ച മട്ടാണ്.