കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് അഭിനന്ദനവുമായി യു പി എ അധ്യക്ഷയും കോണ്‍ഗ്രസും

Posted on: February 7, 2019 6:38 pm | Last updated: February 7, 2019 at 7:55 pm

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ ലോക്‌സഭാ ചോദ്യോത്തര വേളക്കിടെ അഭിനന്ദിച്ച് കോണ്‍ഗ്രസ്. രാജ്യത്ത് റോഡ് വികസനത്തിന് നടപ്പിലാക്കിയ പദ്ധതികള്‍ ഗഡ്കരി വിശദീകരിച്ചതിനു പിന്നാലെയായിരുന്നു ഇത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ സഭ അഭിനന്ദിക്കണമെന്ന് ബി ജെ പി എം പി ഗണേഷ് സിംഗ് പറയുകയും ചെയ്തു. യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയാണ് ആദ്യം അഭിനന്ദനം രേഖപ്പെടുത്തിയത്. തുടര്‍ന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെയും മറ്റ് കോണ്‍ഗ്രസ് എം പിമാരും അഭിനന്ദനവുമായി രംഗത്തെത്തി.

തന്റെ മണ്ഡലമായ യു പിയിലെ റായ്ബറേലിയിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അനുകൂല നടപടികള്‍ സ്വീകരിച്ചതിന് നന്ദി അറിയിച്ച് ഗഡ്കരിക്ക് സോണിയ കത്തയച്ചതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം ഗഡ്കരിയെ പ്രശംസിച്ചിരുന്നു. വീടും കുടുംബവും നോക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് നല്ല രാഷ്ട്രീയ പ്രവര്‍ത്തനാകാന്‍ കഴിയില്ലെന്ന ഗഡ്കരിയുടെ പ്രസ്താവനയാണ് രാഹുലിനെ ആകര്‍ഷിച്ചത്. രാജ്യത്തെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിലും ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്ന കാര്യത്തിലും ഇതേ ആര്‍ജ്ജവത്തോടെ പ്രതികരിക്കാന്‍ ഗഡ്കരി തയാറാകണമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.