കോണ്‍ഗ്രസും പശുവിന്റെ പിറകെയോ?

Posted on: February 7, 2019 9:51 am | Last updated: February 7, 2019 at 9:51 am

ഖദറിനുള്ളില്‍ കാവി ധരിച്ചവരാണ് കോണ്‍ഗ്രസുകാരെന്ന് പറയാറുണ്ട്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന മധ്യപ്രദേശില്‍ പശുവിനെ അറുത്തുവെന്നാരോപിച്ച് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത് എന്‍ എസ് എ (ദേശീയ സുരക്ഷാ നിയമം) ചുമത്തിയ സംഭവം കേള്‍ക്കുമ്പോള്‍ ഇത് ഓര്‍ത്തു പോവുക സ്വാഭാവികം. മധ്യപ്രദേശിലെ ഖഡ്‌വയില്‍ പശുവിനെ അറുത്തെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം ഒന്നിന് പോലീസ് ഇവിടെ നടത്തിയ തിരച്ചിലില്‍ കത്തികളും പശുവിറച്ചിയും കണ്ടെത്തിയെന്നാണ് പറയുന്നത്. തുടര്‍ന്ന് നദീം, ശക്കീല്‍, അഅ്‌സം എന്നീ മൂന്ന് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ എന്‍ എസ് എയാണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്ന് വ്യക്തമായത്.

പശുവിന്റെ പേരില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തുന്ന അക്രമങ്ങളാണ് മധ്യപ്രദേശടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേറാന്‍ സഹായകമാക്കിയത്. മതേതര ശക്തിയെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പശുവിന്റെ പേരില്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന പ്രവണതക്ക് അറുതിയുണ്ടാകുമെന്ന വിശ്വാസത്തില്‍ മതേതര വിശ്വാസികള്‍ ഒന്നടക്കം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയായിരുന്നു. പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ നടത്തുന്ന അക്രമങ്ങളെ പ്രചാരണ വേദികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നതുമാണ്. എന്നാല്‍, അധികാരം കൈവന്നതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബി ജെ പിയുടെ തീവ്രഹിന്ദുത്വ നിലപാടിലേക്ക് നീങ്ങുകയാണെന്നാണ് മനസ്സിലാകുന്നത്.
ഗോവധ നിരോധം തീവ്രഹിന്ദുത്വ അജന്‍ഡയാണ്. പശു വെറും ഒരു മൃഗമല്ല. പവിത്രതയും വിശുദ്ധിയും കല്‍പ്പിക്കേണ്ട, മനുഷ്യ ജീവനേക്കാള്‍ വിലയും നിലയുമുള്ള ദൈവിക പരിവേഷമുള്ള മൃഗമാണെന്നത് അവരുടെ വിശ്വാസമാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത ഹിന്ദുമഹാസഭയാണ് 1800-കളുടെ അവസാനത്തില്‍ ഈ വാദവുമായി രംഗത്തു വന്നത്. രാജ്യം സ്വതന്ത്രമായതോടെ ഒരു മിണ്ടാപ്രാണിയായ പശുവിന് ഹൈന്ദവ പുരാണങ്ങളോ വേദഗ്രന്ഥങ്ങളോ അംഗീകരിക്കാത്ത, കേവലം ഐതിഹ്യത്തിന്റെ പേരില്‍ കല്‍പിച്ച ഈ ദിവ്യത്വം അപ്പടി വിശ്വസിച്ച് പല സംസ്ഥാനങ്ങളും അടുത്ത കാലത്തായി ദേശീയ തലത്തിലും ഗോവധം കടുത്ത കുറ്റമായി പ്രഖ്യാപിക്കുകയായിരുന്നു. പശുവിനോടുള്ള ആദരം കൊണ്ടല്ല രാഷ്ട്രീയായുധമെന്ന നിലയിലാണ് ബി ജെ പി വിഷയം പൊക്കിപ്പിടിക്കുന്നത്. ഇതു മനസ്സിലാക്കാതെ പല കോണ്‍ഗ്രസ് നേതാക്കളും ഗോവിന്റെ പിന്നാലെ പോകുന്നത് വിരോധാഭാസമാണ്.
കോണ്‍ഗ്രസിന്റെ ഈ ഹുന്ദുത്വ ചായ്‌വ് സമീപ കാലത്ത് ഉടലെടുത്ത നയവ്യതിയാനമല്ല. സ്വാതന്ത്ര്യ സമര ഘട്ടത്തില്‍ തന്നെ ഒരു വിഭാഗം ഹിന്ദുത്വ ആശയങ്ങളോട് ആഭിമുഖ്യമുള്ളവരായിരുന്നു. ബാബരി മസ്ജിദ് പ്രശ്‌നത്തിന്റെ തുടക്കം മുതലേ അവര്‍ ഹിന്ദുത്വത്തിന് അനുകൂലമായ നിലപാടായിരുന്നല്ലോ സ്വീകരിച്ചു വന്നത്. നരസിംഹ റാവുവിന്റെ കൂടി അനുഗൃഹാ ശിസ്സോടെയാണല്ലോ ഹിന്ദുത്വ ഭീകരര്‍ ബാബരി മസ്ജിദ് പൊളിച്ചത്. തകര്‍ച്ചക്ക് റാവു ഉത്തരവാദിയാണെന്ന് പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കുറ്റസമ്മതം നടത്തുകയും ചെയ്തു. പല സംസ്ഥാനങ്ങളും ഗോവധം നിരോധിച്ചത് രാജ്യത്ത് ബി ജെ പി ശക്തിപ്പെടുന്നതിന് മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നുവെന്നതും ശ്രദ്ധേയമാണ്. മന്ത്രിമാരും എം പിമാരും എം എല്‍ എമാരുമടക്കം ഇന്നത്തെ ബി ജെ പി നേതാക്കളില്‍ നല്ലൊരു പങ്ക് കോണ്‍ഗ്രസ് വിട്ടുവന്നവരാണ്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ്, അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു, യു പിയിലെ ടൂറിസംമന്ത്രി റീത്താ ബഹുഗുണ ജോഷി, മോദി മന്ത്രിസഭാ അംഗം റാവു ബീരേന്ദ്ര സിംഗ്, ബി ജെ പി എം പി ജഗദംബികാപാല്‍, ഡല്‍ഹി ബി ജെ പി നേതാവ് കൃഷ്ണ തുടങ്ങി നിരവധി പേരുണ്ട് ഈ ഗണത്തില്‍. കോണ്‍ഗ്രസ് തുടര്‍ന്നുപോന്ന മൃദുഹിന്ദുത്വ സമീപനമാണ് ഇവര്‍ക്ക് ബി ജെ പിയിലേക്ക് ചേക്കേറാന്‍ പ്രചോദനമായത്.

അതേസമയം സുശീല്‍കുമാര്‍ ഷിന്‍ഡെയെ പോലെ ഹിന്ദുത്വത്തോട് രൂക്ഷമായ വിയോജിപ്പ് പ്രകടിപ്പിക്കുന്ന തികഞ്ഞ മതേതരവാദികളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നല്ലൊരവിഭാഗമെന്നതും എടുത്തു പറയേണ്ടതുണ്ട്. കള്ളക്കേസുകള്‍ ചുമത്തിയും ഭീകര ബന്ധം ആരോപിച്ചും മുസ്‌ലിം യുവാക്കളെ തടവിലിടുന്നതിനും പീഡിപ്പിക്കുന്നതിനുമെതിരെ മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാലത്ത് ഷിന്‍ഡെ സംസ്ഥാനങ്ങള്‍ക്ക് കത്തയക്കുകയും ഇത് ബി ജെ പിയുടെ രൂക്ഷമായ വിമര്‍ശത്തിന് വിധേയമാവുകയും ചെയ്തിരുന്നു. അന്യായമായി തടവില്‍ കഴിയുന്നവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കുകയും ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നും ഇവരെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഷിന്‍ഡെ ആവശ്യപ്പെട്ടിരുന്നു. അന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ച ജനാധിപത്യവിരുദ്ധമായ നടപടിയാണ് മൂന്ന് മുസ്‌ലിം യുവാക്കളുടെ കാര്യത്തില്‍ നിലവിലെ മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യും.കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരില്‍ ബഹുഭൂരിഭാഗവും രാജ്യത്തെ മതവൈജാത്യത്തെ അംഗീകരിക്കുന്ന മതേതരവാദികളാണെന്ന കാര്യം പാര്‍ട്ടി നേതൃത്വം മറക്കരുത്.