ആദായ നികുതി റിട്ടേണ്‍: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമെന്ന് സുപ്രീം കോടതി

Posted on: February 6, 2019 8:28 pm | Last updated: February 7, 2019 at 11:21 am

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 139 എ എ സ്ഥിരീകരിച്ചാണ് ഇതെന്ന് ജസ്റ്റിസുമാരായ എ കെ സിക്രി, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതി നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും ബഞ്ച് വിശദമാക്കി.

പാന്‍ നമ്പരുമായി ആധാര്‍ ബന്ധിപ്പിക്കാതെ തന്നെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് അനുമതി തേടിയുള്ള ശ്രേയ സെന്‍, ജയശ്രീ സത്പുതെ എന്നിവരുടെ ഹരജിയില്‍ ഹൈക്കോടതി അനുകൂല വിധി തേടിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.