മോദി വെറും വാചകമടിക്കാരന്‍, കര്‍ഷകരും തൊഴിലാളികളും കടുത്ത ദുരിതത്തില്‍: രാഹുല്‍ ഗാന്ധി

Posted on: February 6, 2019 8:05 pm | Last updated: February 6, 2019 at 11:32 pm

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി വെറും വാചകമടിക്കാരനാണെന്നും വിനാശകരമായ ഭരണമാണ് അദ്ദേഹം നടത്തുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി അധികാരത്തിലിരിക്കുമ്പോള്‍ കര്‍ഷകരും തൊഴിലാളികളും യുവജനതയും തീരാദുരിതം പേറുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. യുവാക്കള്‍ തൊഴില്‍ കിട്ടാതെ കഷ്ടപ്പെടുന്നു. യു പിയിലെ തൊഴിലില്ലായ്മയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രേഖകള്‍ സഹിതം പുറത്തുവിട്ടു. 50,000 ബിരുദധാരികളും 28,000 ബിരുദാനന്തര ബിരുദധാരികളും 37,000 പി എച്ച് ഡിക്കാരും പ്യൂണ്‍ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളതായി രേഖയിലുണ്ട്.

രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് 6.1 ശതമാനത്തില്‍ എത്തിയതായി ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍ എസ് എസ് ഒ) റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുലിന്റെ പ്രതികരണം. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ.