ഗതാഗതസുരക്ഷ: പോലീസും ആര്‍ ടി എയും കൈകോര്‍ക്കുന്നു

Posted on: February 6, 2019 4:06 pm | Last updated: February 6, 2019 at 4:06 pm

ദുബൈ: ഗതാഗത സുരക്ഷക്കുള്ള പഞ്ചവത്സര പദ്ധതിയിലെ തുടര്‍നടപടികള്‍ക്ക് ആര്‍ടിഎയും ദുബൈ പോലീസും അന്തിമ രൂപം നല്‍കി. മരണ-അപകട നിരക്കുകള്‍ കുറഞ്ഞുവെങ്കിലും പദ്ധതിയുമായിമുന്നോട്ടു പോകാന്‍ ഇരുകൂട്ടരും തീരുമാനിച്ചു. വാഹനങ്ങളുടെയും റോഡുകളുടെയും നിലവാരം, നിരീക്ഷണം, ബോധവല്‍ക്കരണം, നവീകരണം എന്നീ നാല് കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാകും തുടര്‍ നടപടികള്‍.

വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയോ കേടാകുകയോ ചെയ്താല്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുക പതിവാണ്. വാഹനങ്ങള്‍ വേഗത്തില്‍ നീക്കി തുടര്‍ അപകടങ്ങള്‍ ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനുമുള്ള ശാസ്ത്രീയ ദ്രുതകര്‍മ സംവിധാനം പോലീസുമായി ചേര്‍ന്ന് നടപ്പാക്കി. ഇതു കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കും.
നടപടികള്‍ക്കായി പോലീസ് കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക ടീം രൂപീകരിച്ചു. ഓപ്പറേഷന്‍സ് റൂം, ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍, പട്രോളിങ് വാഹനങ്ങള്‍ എന്നിവയെ പ്രത്യേക സ്മാര്‍ട് ശൃംഖലയുടെ ഭാഗമാക്കി. ഗതാഗതമേഖലയില്‍ വന്‍ മാറ്റമുണ്ടാക്കാന്‍ പുതിയ സംവിധാനത്തിനു കഴിയുമെന്നാണ് പ്രതീക്ഷ. പോലീസുമായി ചേര്‍ന്നുള്ള ക്രമീകരണങ്ങള്‍ ഗതാഗതമേഖലയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.

ദുബൈ പോലീസ് മേധാവിമേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, പോര്‍ട്‌സ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അഹമ്മദ് മുഹമ്മദ് ബിന്‍ താനി, സിഐഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ്, ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി ഇ ഒ. മൈതാ ബിന്‍ ആദായി, റെയില്‍ ഏജന്‍സി സി ഇ ഒ. അബ്ദുല്‍ മുഹ്‌സിന്‍ ഇബ്രാഹിം യൂനിസ് തുടങ്ങിയവരും പങ്കെടുത്തു.