ദുബൈയിലെ മഴ: 66 അപകടങ്ങള്‍

Posted on: February 6, 2019 2:21 pm | Last updated: February 6, 2019 at 2:21 pm

ദുബൈ:കഴിഞ്ഞ ദിവസം മഴയില്‍ ദുബൈയില്‍ 66 വാഹനാപകടങ്ങള്‍ നടന്നതായി പോലീസ് അറിയിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. പുലര്‍ച്ചെ ആറിനും ഒമ്പതിനും ഇടയില്‍ പോലീസ് സഹായം തേടി 1,812 ടെലിഫോണ്‍ വിളികള്‍ എത്തി. മറ്റു വടക്കന്‍ എമിറേറ്റുകളിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ എമിറേറ്റുകളില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ മഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി. വെള്ളക്കെട്ട് നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തീരപ്രദേശങ്ങളിലും പര്‍വതമേഖലകളിലും പോലീസ് പട്രോളിങ് ഊര്‍ജിതമാക്കി. ഉച്ചയോടെ അന്തരീക്ഷം തെളിഞ്ഞുവെങ്കിലും മലയോര മേഖലകളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.

റാസല്‍ഖൈമയിലെ ജബല്‍ ജൈസ് മലനിരകളില്‍ ശക്തമായ മഴയും കാറ്റുമാണ് ഉണ്ടായത്. വാദികളില്‍ അപകടകരമായ നിലയില്‍ വെള്ളം ഉയര്‍ന്നു. പല റോഡുകളും അടച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പട്രോളിങ് ശക്തമാക്കി. അടിയന്തര സാഹചര്യമുണ്ടായാല്‍ 999, 901 എന്നീ നമ്പറുകളില്‍ വിളിക്കണമെന്നു റാസല്‍ഖൈമ പോലീസ് അറിയിച്ചു. മഴയത്തും ദൂരക്കാഴ്ച കുറയുമ്പോഴും വാഹനങ്ങള്‍ ഓവര്‍ടേക്കിങ് ഒഴിവാക്കണമെന്നു പോലീസ് നിര്‍ദേശിച്ചു. പെട്ടെന്നു ലൈനുകള്‍ മാറുന്നതും സഡന്‍ ബ്രേക്ക് ചെയ്യുന്നതും അപകട സാധ്യതകള്‍ വര്‍ധിപ്പിക്കും. ഡ്രൈവിങ് ബുദ്ധിമുട്ടായി തോന്നിയാല്‍ റോഡില്‍ നിന്നു മാറി സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കി നിര്‍ത്തണം. വെള്ളക്കെട്ടുകളില്‍ കുടുങ്ങാതിരിക്കാനും ശ്രദ്ധിക്കണം. മഴയുള്ളപ്പോള്‍ താഴ്ന്ന പാര്‍ക്കിങ് മേഖലകളില്‍ നിന്നു വാഹനം മാറ്റിയിടണം.