ഭക്ഷ്യ ബേങ്ക് മൂന്നാം കേന്ദ്രം മുഹൈസ്നയില്‍ തുടങ്ങി

Posted on: February 6, 2019 2:16 pm | Last updated: February 6, 2019 at 2:16 pm

ദുബൈ: ഫുഡ് ബേങ്കിന്റെ മൂന്നാമത്തെ കേന്ദ്രം ദുബൈ മുഹൈസ്ന രണ്ടില്‍ നഗരസഭ മേധാവി ദാവൂദ് അല്‍ ഹാജിരി ഉദ്ഘാടനം ചെയ്തു. സഊദി, സുഡാനീസ് ഫുഡ് ബേങ്കുകളുമായി ധാരണാപത്രത്തില്‍ നഗരസഭ ഒപ്പുവെച്ചതായി ദാവൂദ് അല്‍ ഹാജിരി അറിയിച്ചു.
ദരിദ്രര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഫുഡ് ബേങ്ക്.

ആര്‍ക്കും ഇതില്‍ പങ്കാളിത്തം വഹിക്കാം. യുവതയെ സന്നദ്ധ സേവനത്തിനു ആകര്‍ഷിക്കുന്ന വിധം ഇതിനെ പ്രസ്ഥാനമായി മാറ്റേണ്ടതുണ്ടെന്ന് ദാവൂദ് അല്‍ ഹാജിരി പറഞ്ഞു. അല്‍ മറായി, താനി ക്യാപിറ്റല്‍ കമ്പനികളുമായി നഗരസഭ ധാരണയില്‍ എത്തിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഇവര്‍ സംഭാവന ചെയ്യും. 2018 ല്‍ 790 ടണ്ണിലധികം ഭക്ഷ്യ വസ്തുക്കള്‍ സമാഹരിക്കുകയും വിതരണം ചെയ്യുകയുമുണ്ടായി.