Connect with us

Gulf

മാര്‍പ്പാപ്പ പൊതു കുര്‍ബാന അര്‍പ്പിച്ചു; നന്ദി പറഞ്ഞ് യു എ ഇയോട് വിട

Published

|

Last Updated

അബുദാബി: സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാനയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. യു എ ഇ സമയം രാവിലെ 10.30ന് ശേഷമാണ് കുര്‍ബാന ആരംഭിച്ചത്.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവര്‍ പങ്കെടുത്തു. 120 പേരടങ്ങുന്ന ഗായക സംഘം പ്രാര്‍ഥനാഗീതം ആലപിച്ചു. കൈകൊണ്ടുനിര്‍മിച്ച പിയാനോ ഇതിനായി ഇംഗ്ലണ്ടില്‍നിന്ന് കൊണ്ടുവന്നിരുന്നു.

ദുബൈ എയര്‍പോര്‍ട്ട് സി ഇ ഒ പോള്‍ ഗ്രിഫിതായിരുന്നു വാദകന്‍. വിവിധ എമിറേറ്റുകളില്‍നിന്നായി രാത്രിയില്‍തന്നെ ബസുകളില്‍ വിശ്വാസികള്‍ എത്തി. 2,500ലേറെ ബസുകളാണ് ഇതിനായി ഭരണകൂടം സൗജന്യമായി വിട്ടുനല്‍കിയത്. കുര്‍ബാനക്കു മുമ്പ് മാര്‍പാപ്പ സെന്റ് ജോസഫ് കത്തീഡ്രല്‍ സന്ദര്‍ശിച്ചു. ഇവിടെ രോഗികളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറോളം പേരെ ആശീര്‍വദിച്ചു.