കനകദുര്‍ഗക്ക് ഭര്‍തൃ വീട്ടില്‍ പ്രവേശിക്കാന്‍ കോടതി അനുമതി

Posted on: February 5, 2019 8:56 pm | Last updated: February 5, 2019 at 8:56 pm

പെരിന്തല്‍മണ്ണ: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ ഗാര്‍ഹിക പീഡനം ആരോപിച്ചു പരാതി നല്‍കിയ കനകദുര്‍ഗക്ക് ഭര്‍തൃ വീട്ടില്‍ പ്രവേശിക്കാന്‍ പുലാമന്തോള്‍ ഗ്രാമ കോടതി അനുമതി നല്‍കി. ഭര്‍തൃ വീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ നല്‍കിയ പരാതിയിലാണ് കോടതി വിധി.

ഭര്‍തൃ മാതാവ് മര്‍ദിച്ചതായി ആരോപിച്ച് ആശുപത്രിയില്‍ പ്രവേശിച്ച കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും കുടുംബാംഗങ്ങളും. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു കനകദുര്‍ഗയുടെ പരാതി ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍, അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെ ഇത്തരം കേസുകള്‍ പരിഗണിക്കുന്നത് പുലാമന്തോള്‍ ഗ്രാമക്കോടതി ആയതിനാല്‍ കേസ് അങ്ങോട്ടേക്ക് അയക്കുകയായിരുന്നു.

പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററില്‍ പോലീസ് സംരക്ഷണത്തിലാണ് നിലവില്‍ കനകദുര്‍ഗ കഴിയുന്നത്.