അനധികൃത നിയമനം : ജയിംസ് മാത്യുവിന്റെ പരാതിയുടെ പകര്‍പ്പുമായി യൂത്ത് ലീഗ്

Posted on: February 5, 2019 2:03 pm | Last updated: February 5, 2019 at 9:18 pm

കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡപ്യൂട്ടി ഡയറക്ടറായി സിപിഎം നേതാവിന്റെ ബന്ധുവിനെ നിയമിച്ചതിനെതിരെ സിപിഎം എംഎല്‍എ നല്‍കിയ പരാതിയുടെ പകര്‍പ്പ് യൂത്ത് ലീഗ് പുറത്തുവിട്ടു. ഈ നിയമനം ചൂണ്ടിക്കാട്ടിയാണ് ബന്ധുനിയമന വിവാദം നേരിടുന്ന മന്ത്രി കെടി ജലീല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതെന്ന് യൂത്ത് ലീഗ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഇതിന് പിറകെയാണ് നിയമനത്തിനെതിരെ തളിപ്പറമ്പ് എംഎല്‍എയും സിപിഎം നേതാവുമായ ജയിംസ് മാത്യു മന്ത്രി എസി മൊയ്തീന് നല്‍കിയ കത്തിന്റെ പകര്‍പ്പ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പുറത്തുവിട്ടിരിക്കുന്നത്.

സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന്‍ ഡിഎസ് നീലകണ്ഠനെ നിയമിച്ചത് അനധികൃതമായാമെന്നും തെറ്റായ രീതിയില്‍ ഇന്‍ക്രിമെന്റ് അടക്കം വന്‍ തുക നല്‍കി ദീര്‍ഘകാലത്തേക്ക് നിയമിച്ചത് തെറ്റായ നടപടിയാണെന്നും പരാതിയിലുണ്ട്. ജയിംസ് മാത്യു മന്ത്രിയായിരിക്കെയാണ് കത്ത് നല്കിയത്. കത്ത് നല്‍കി മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള ബന്ധം കാരണമാണ് ഡിഎസ് നീലകണ്ഠനെതിരെ നടപടിയെടുക്കാത്തതെന്നും അതുമല്ലെങ്കില്‍ തെറ്റായ ആരോപണം ഉന്നയിച്ചതിന് തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനെങ്കിലും തയ്യാറാകണമെന്നും പികെ ഫിറോസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നീലകണ്ഠന്റെ അനധികൃത നിയമനം ചൂണ്ടിക്കാട്ടിയാണ് മന്ത്രി കെടി ജലീല്‍ ബന്ധുനിയമന വിവാദത്തെ മറികടന്നതെന്നും ഫിറോസ് ആവര്‍ത്തിച്ച് ആരോപിച്ചു.