സഊദിവത്കരണ തോത് പുന:പരിശോധിക്കുന്നു

Posted on: February 5, 2019 10:52 am | Last updated: February 5, 2019 at 10:52 am

ദമ്മാം: രാജ്യത്ത വാണിജ്യ സ്ഥാപനങ്ങളിലും മറ്റും നടപ്പാക്കിയ സഊദിവത്കരണ തോത് പുനപരിശോധിക്കുമെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് സുലൈമാന്‍ അല്‍രാജിഹ് വ്യക്തമാക്കി.ടെക്‌സറ്റയില്‍സ് , സ്പയര്‍പാര്‍ട്ട്‌സ് ,വാഹന വിപണനം, പാത്രങ്ങള്‍, ഫര്‍ണീച്ചര്‍, ഓഫീസ് ,ബേക്കറി ഉത്പന്നങ്ങളും മിഠായി കടകള്‍ തുടങ്ങി പന്ത്രണ്ട് വിഭാഗം സ്ഥാപനങ്ങളില്‍ എഴുപത് ശതമാനം സ്വദേശി വത്കരണ പദ്ധതി അടുത്തിടെ പ്രാബല്ല്യത്തില്‍ വന്നിരുന്നു.

എന്നാല്‍ പരിചയ സമ്പന്നരുംം പ്രാപ്തരുമായ സ്വദേശികളെ ലഭിക്കാത്തതിനാല്‍ പല സ്ഥാപനങ്ങളും അടച്ചിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ പല സ്ഥാപനയുടമകളും സ്വദേശി വത്കരണ തോത് പുന പരിശോധിക്കണമെന്ന് മന്ത്രിയോട്ആവശ്യപ്പെട്ടിരുന്നു.സ്വദേശിവത്കരണ തോത് അമ്പത് ശതമാനമാക്കി പരിമിതപ്പെടുത്തുമോയെന്ന പത്രക്കാരുടെ ചോദ്യത്തിനു തങ്ങള്‍ എല്ലാം വിശദമായി പരിശോധിച്ചു വരുകയാണ് എന്നദ്ദേഹം പറഞ്ഞു. ഓരോ വിഭാഗതത്തിനും എത്രയാണ് കുറക്കേണ്ടതെന്ന് പരിശോധിച്ചു തീരുമാനിക്കും. എന്നാല്‍ അവ ഏതെല്ലാം വിഭാഗമാണെന്ന് ഇപ്പോള്‍ പറയാന്‍ ആവില്ല.സ്വകാര്യ സ്ഥാപനയുടമകളോട് ചര്‍ച്ച ച്ചെയ്താണ് എല്ലാ തീരുമാനങ്ങളും പുന പരിശോധിക്കാറുള്ളതെന്ന അദ്ദേഹം പറഞ്ഞു.വാണിജ്യ സ്ഥാപനങ്ങളില്‍ എഴുപത് ശതമാനം സ്വദേശി വത്കരണം നടപ്പാക്കിയതോടെ മലയാളികളുള്‍പ്പടെ നൂറു കണക്കിനു പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.