എന്തുകൊണ്ടിപ്പോഴും നവോത്ഥാനചര്‍ച്ചകള്‍ ?

Posted on: February 5, 2019 9:10 am | Last updated: February 11, 2019 at 12:45 pm

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദം നവോത്ഥാനത്തിന്റേതാണ്. തിരിച്ചുപിടിക്കലും വീണ്ടെടുപ്പും മലയാളിയുടെ പുതിയ മുദ്രാവാക്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇടക്ക് പ്രകൃതി നല്‍കിയ വലിയൊരു ദുരന്തം മഴവെള്ളപ്പാച്ചിലായി കേരളത്തെ കടപുഴക്കി മുക്കിക്കളഞ്ഞപ്പോള്‍ ഒരുവേള ദുരന്തത്തിന് മുമ്പില്‍ പകച്ചുനിന്ന മലയാളി അതിവേഗം കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുതുടങ്ങി. അടിമുടി രാഷടീയവത്കരിക്കപ്പെട്ട ഒരു ജനതക്ക് ഇത്ര എളുപ്പത്തില്‍ രാഷ്ടീയത്തിനതീതമായ ഐക്യപ്പെടലുകള്‍ക്കും സാധ്യമാകും എന്ന് തെളിയിച്ച ദിനങ്ങളായിരുന്നു പ്രളയാനന്തരം രൂപപ്പെട്ട ഏതാനും ചില ദിവസങ്ങള്‍. ഒരിക്കല്‍ കൂടി മലയാളി ഇന്ത്യക്ക് മാതൃകയും ലോകത്തിനു മുമ്പില്‍ പ്രശംസിക്കപ്പെടുകയും അതിജീവനത്തിന്റെ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയും ചെയ്ത നല്ല ദിനങ്ങളാല്‍ ചരിത്രത്തില്‍ ഇടം നേടിക്കൊണ്ടിരിക്കുകയായിരുന്നു പ്രളയാനന്തര നാളുകളില്‍. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാളും വേഗത്തില്‍ മലയാളി പ്രളയത്തിനും മുമ്പുള്ള വികലവും വിദ്വേഷ കലുഷിതവുമായ തര്‍ക്കവിതര്‍ക്കങ്ങളുടെ ആഘോഷങ്ങളിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ആ പിന്‍മടക്കത്തിന് ആക്കം കൂട്ടിയതില്‍ പ്രധാന പങ്ക് വഹിച്ച ഒന്നാണ് ശബരിമല വിധി. അതുണ്ടാക്കിയ വാദവിവാദങ്ങളുടെ കൊടുങ്കാറ്റില്‍ കേരളം ശരിക്കും ആടിയുലയുക തന്നെ ചെയ്തു.

അതിന്റെ പ്രത്യുത്പന്നമായിട്ടാണ് കേരളത്തില്‍ നവോത്ഥാന ചര്‍ച്ച സജീവമായത്. പ്രിന്റ്, വിഷ്വല്‍ മീഡിയകള്‍ക്ക് വന്‍ സ്വീകാര്യതയുള്ള കേരളത്തിലെ പൊതു ഇടങ്ങളിലും വീടുകളുടെ സ്വകാര്യ ഇടങ്ങളിലും പിന്നെ നവോത്ഥാനം എന്ന വാക്ക് സ്ഥാനത്തും അസ്ഥാനത്തും ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നെ പ്രളയാനന്തര പുനര്‍നിര്‍മാണമെല്ലാം അല്‍പ്പം പിറകോട്ടടിക്കുകയും നവോത്ഥാന മൂല്യങ്ങളില്‍ നിന്നും തിരിഞ്ഞു നടക്കുന്ന കേരളത്തെ തിരിച്ചു പിടിക്കല്‍ അടിയന്തര പ്രാധാന്യമുള്ള ചര്‍ച്ചാ വിഷയമായി. അതിപ്പോഴും കെട്ടടങ്ങിയിട്ടുമില്ല.

ഇനിയിപ്പോള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പും അടുത്ത് വന്ന സ്ഥിതിക്ക് നവോത്ഥാന ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് വിഷയത്തിനും ചൂടുപകരുമെന്നുറപ്പാണ്. ഈ അവസരത്തില്‍ കേരളത്തിന്റെ നവോത്ഥാനത്തിന്റെ സാമൂഹിക പശ്ചാത്തലം എങ്ങനെ രൂപപ്പെട്ടു എന്നതിലേക്ക് ചിന്തകളെ തിരിച്ചുവിടുന്നത് നന്നായിരിക്കും. ഒരു കാര്യം ഏതാണ്ട് ഉറപ്പിച്ചു പറയാം. അതാതു കാലത്തുണ്ടായിരുന്ന ആചാരങ്ങളെ അട്ടിമറിച്ചു കൊണ്ടു തന്നെയാണ് നവോത്ഥാനത്തിന് കേരളത്തിലും വേരോട്ടമുണ്ടായത്.

കേരളത്തില്‍ നവോത്ഥാന മുന്നേറ്റത്തിന് ശേഷം വ്യാപകമായി വേരോട്ടം നേടിയ കമ്യൂണിസ്റ്റ്, ഇടതുപക്ഷ ചിന്താധാരകള്‍ക്ക് വളമിട്ടത് നവോത്ഥാന മുന്നേറ്റത്തിന്റെ ഫലം കൂടിയായിരുന്നു. അതുകൊണ്ടായിരിക്കാം കേരളീയ യുവത്വം അതിന്റെ പ്രാരംഭദശയില്‍ ഏത് കാലത്തും ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിപ്പോന്നത്. പില്‍ക്കാലത്ത് അറിയപ്പെടുന്ന കമ്യൂണിസ്റ്റ് വിരോധികളായി മാറിയ പലരും അവരുടെ തുടക്കകാലത്ത് നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളില്‍ പങ്കാളികളായിരുന്നു. പി കേശവദേവ്, സി ജെ തോമസ്, എം ഗോവിന്ദന്‍ തുടങ്ങിയ പല പ്രതിഭകളെയും ഇതിലേക്ക് പേര് ചേര്‍ക്കാവുന്നതേയുള്ളൂ. ‘ചെറുപ്പകാലത്ത് കമ്യൂണിസ്റ്റാവണം. അല്ലാത്തവരോട് എനിക്ക് ഒരു ബഹുമാനവുമില്ല’ എന്ന് മേതില്‍ രാധാകൃഷ്ണന്‍ പറഞ്ഞത് ഇതിനോട് കൂട്ടി വായിക്കാം. അതേ മേതിലും പിന്നീട് കമ്യൂണിസ്റ്റ് വിരുദ്ധതയില്‍ തന്നെ അഭിരമിച്ചു. ഇതു സൂചിപ്പിക്കുന്നത് നവോത്ഥാന മുന്നേറ്റവും കേരളത്തില്‍ രൂപം കൊണ്ട ഇടത് ആഭിമുഖ്യവും പരസ്പര പൂരകമാണെന്നു തന്നെയാണ്. യുവത്വത്തിന് ആര്‍ജിച്ചെടുക്കാന്‍ കഴിഞ്ഞ ആ ഒരു പുരോഗമന ധാരയില്‍ നിന്ന് വലിയ മാറ്റം ഇപ്പോഴും സംഭവിക്കുന്നില്ല എന്നതിന്റെ തെളിവ് കൂടിയാണ് നവോത്ഥാനത്തെ പിറകോട്ട് വലിക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷത്തിനേല്‍ക്കുന്ന തിരിച്ചടികളേയും കാണേണ്ടത്.

മന്നത്തു പത്മനാഭന്റെ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുടര്‍ച്ചക്കാരായ എന്‍ എസ് എസ് പോലും കേരളത്തെ പഴയ ഇരുണ്ടകാല അനാചാരങ്ങളുടെ യുഗത്തിലേക്ക് തിരിച്ചുവിടാനുള്ള വലതുപക്ഷ വര്‍ഗീയതക്ക് കുട പിടിക്കുന്ന വിരോധാഭാസവും ഈ നവോത്ഥാന ചര്‍ച്ചാ കോലാഹലങ്ങളില്‍ നാം കണ്ടു. എന്നിട്ടും കേരളത്തില്‍ ഹൈന്ദവ ഭക്തി അപകടത്തില്‍ എന്ന വ്യാജ പ്രചാരണം വന്‍കിട മീഡിയകളുടെ സഹായത്തോടെ ഏറ്റുപിടിച്ചിട്ടും അതിന് മലയാളി യുവതയെ ആഴത്തില്‍ സ്വാധീനിക്കാനായില്ല. രാഹുല്‍ ഈശ്വറിനെ മഹത്വവത്കരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ എഴുന്നള്ളിച്ചിട്ടും അത് വിപരീത ഫലമാണ് ഉളവാക്കിയത്. ഒരു മാതിരിപ്പെട്ട സഹിഷ്ണുത കൈമോശം വരാത്ത യഥാര്‍ഥ ഭക്തര്‍വരെ രാഹുല്‍ ഈശ്വറിന്റെ മുഖം ചാനലില്‍ തെളിയാന്‍ തുടങ്ങുമ്പോള്‍ റിമോട്ടില്‍ വിരലമര്‍ത്തി കാഴ്ചയെ മറ്റു ദിശയിലേക്ക് തിരിച്ചുവിട്ടു. കേരളത്തെ അത്ര എളുപ്പത്തില്‍ പഴയ ചാതുര്‍വര്‍ണ്യ ഫ്യൂഡലിസത്തിന്റെ ഇരുണ്ട കാലത്തേക്ക് തിരിച്ചു നടത്താനാവില്ലെന്നു തന്നെയാണ് തെളിഞ്ഞു വരുന്ന വസ്തുത. ഇങ്ങനെയൊരു പ്രതിരോധം കേരളത്തില്‍ ഇപ്പോഴും സാധ്യമാവുന്നുവെങ്കില്‍ അതിന്റെ അടിസ്ഥാന കാരണം നവോത്ഥാനം ഉണ്ടാക്കിയെടുത്ത അലകള്‍ കേരളത്തില്‍ പറ്റേ നിലച്ചിട്ടില്ല എന്നു തന്നെയാണര്‍ഥമാക്കേണ്ടത്. പലരും കരുതുംപോലെ അല്ലെങ്കില്‍ ചിലരെങ്കിലും അവകാശപ്പെടുംപോലെ കേരളത്തിലുണ്ടായ നവോത്ഥാന മുന്നേറ്റം സാധിച്ചെടുത്തത് ഇടതുപക്ഷത്തിന്റെ മേല്‍വിലാസത്തില്‍ മാത്രമാണെന്ന ധാരണയും തിരുത്തപ്പെടേണ്ടതു തന്നെയാണ്. അയിത്തം, സ്ത്രീവിരുദ്ധത, ജാതി മേല്‍ക്കോയ്മ എന്നിത്യാദികള്‍ക്കെതിരെ പോരാട്ടം നയിച്ചവരില്‍ ഇടത്, വലത് തരംതിരിവുകള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല. അയങ്കാളി മുതല്‍ക്കിങ്ങോട്ട് പരിശോധിച്ചാല്‍ നായരും നമ്പൂതിരിയും മുസ്‌ലിമും ക്രൈസ്തവരും ഒത്തു പിടിച്ച് നേടിയെടുത്തതാണ് കേരളീയ നവോത്ഥാനം. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഇടതുപക്ഷ കക്ഷികള്‍ക്ക് ആ ചിന്താധാര കൂടുതല്‍ കരുത്ത് പകരാന്‍ എന്നത് സത്യവുമാണ്.

ഇപ്പോള്‍ സവര്‍ണ ഫാസിസ്റ്റ് ചായ്‌വുള്ള വര്‍ഗീയതയെ താലോലിക്കുന്നവരുടെ നേതൃത്വത്തിലാണ് നവോത്ഥാനത്തില്‍ നിന്നുള്ള പിന്‍മടക്കത്തിന് പടയൊരുക്കം നടക്കുന്നത്. അപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇടതു പക്ഷമാണ് എന്ന ഒരു ധാരണ ശക്തമായുണ്ട് താനും. അതിന്റെ പ്രധാന കാരണം കേരളത്തിലെ ഇടതുപക്ഷ വിരുദ്ധ ശക്തികളുടെ ദൗര്‍ബല്യം ഈ വിഷയത്തോടുള്ള സമീപനത്തില്‍ പ്രകടമായതുകൊണ്ടു കൂടിയാണ്. കക്ഷിരാഷ്ടീയത്തിന്റെ മാനദണ്ഡത്തില്‍ ഇപ്പോള്‍ ആര് എവിടെ നില്‍ക്കുന്നു എന്നതല്ല പ്രശ്‌നം. അല്ലെങ്കില്‍ നവോത്ഥാനമെന്നത് ശബരിമലയിലെ ഒരു സ്ത്രീ പ്രവേശനത്തോട് കൂട്ടിക്കെട്ടി ചുരുക്കിക്കാണുന്നുവെങ്കില്‍ അതുമല്ല പ്രശ്‌നത്തിന്റെ കാതല്‍. നവോത്ഥാനം എന്ന വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പോലും അസഹിഷ്ണുതയും അസ്വസ്ഥതയും പ്രകടമാക്കുന്ന ശക്തികള്‍ ഇന്ത്യയില്‍ വര്‍ഗീയതയും ഫാഷിസ്റ്റ് രീതിയും മതവിദ്വേഷത്തിന്റെ മറവില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെപ്പോലും ന്യായീകരിക്കുന്നവരും ഒക്കെയാണെന്നത് തന്നെയാണ് വലിയ പ്രശ്‌നം.

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി