Connect with us

National

മോദിയുടെ ഉറക്കം കെടുത്താന്‍ പ്രിയങ്ക ഗാന്ധി; വിദേശസന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശസന്ദര്‍ശനത്തിന് ശേഷം പ്രിയങ്ക ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തി. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക നാളെ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 24നാണ് പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. ഈ സമയത്ത് പ്രിയങ്ക വിദേശത്തായിരുന്നു. കുംഭമേളയുടെ ഭാഗമായി ഗംഗാസ്‌നാനം നടത്തിയ ശേഷമായിരിക്കും പ്രിയങ്ക ചുമതലയേല്‍ക്കുക. ഇതിന് ശേഷം സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമുണ്ടായത്. കോണ്‍ഗ്രസിന് വേണ്ടി കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക സജീവമാകും. തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ പകരം പ്രിയങ്ക ഗോദയിലിറങ്ങാന്‍ സാധ്യതയേറെയാണ്.

പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കോണ്‍ഗ്രസില്‍ പല നേതാക്കളും വലിയൊരു വിഭാഗം പ്രവര്‍ത്തകരും ഏറെ കാലമായി ആവശ്യമുന്നയിച്ചിരുന്നു. ലോക്‌സഭയില്‍ ബിജെപിയെ എതിരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് പ്രിയങ്കയുടെ സാന്നിധ്യം വലിയ ആത്മവിശ്വാസവും കരുത്തും ആവേശവും പകരുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. രാഹുല്‍ മത്സരിച്ചിരുന്ന അമേഠി മണ്ഡലത്തിലും റായ്ബറേലിയും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിരുന്ന പ്രിയങ്ക തരംഗമുണ്ടാക്കിയിരുന്നു. നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കയുടെ വാക്കുകള്‍ ഏറെ ശ്രദ്ധ നേടി.