സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

മലപ്പുറം
Posted on: February 4, 2019 2:11 pm | Last updated: February 4, 2019 at 2:13 pm

മലപ്പുറം: ദേശീയ തലത്തില്‍ ആരോഗ്യ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികളെ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. തിരുവനന്തപുരം റീജിയനല്‍ ക്യാന്‍സര്‍ സെന്ററിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. സംസ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 161 പുരുഷന്മാരും 165 വനിതകളും ക്യാന്‍സര്‍ ബാധിതരാണെന്നാണ് കണക്ക്. പ്രതിവര്‍ഷം അരലക്ഷത്തിലധികം പേര്‍ക്ക് പുതുതായി ക്യാന്‍സര്‍ രോഗം കണ്ടെത്തുന്നു. ഇരുപതിനായിരത്തിലേറെ പേര്‍ ക്യാന്‍സര്‍ ബാധ മൂലം മരണപ്പെടുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം തൈറോയിഡ് ക്യാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലും. പ്രതിദിനം നൂറ് കണക്കിന് ആളുകളാണ് ക്യാന്‍സര്‍ സ്ഥിരീകരണത്തിനായി റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെത്തുന്നത്.

ജനിതകവും പാരമ്പര്യവുമായ അനേകം ഘടകങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ടെങ്കിലും ജീവിതശൈലിയില്‍ വന്നിട്ടുള്ള പ്രകടമായ വ്യതിയാനങ്ങള്‍ തന്നെയാണ് അര്‍ബുദം കേരളത്തില്‍ വേരുറപ്പിക്കുന്നതിനുള്ള പ്രധാന കാരണം.
ഇതില്‍ ക്രമം തെറ്റിയതും ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതിയും ക്യാന്‍സര്‍ രോഗികളെ സൃഷ്ടിക്കുന്നു. ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിന്റെ ഭാഗമായി അകത്താക്കുന്ന അജീനമോട്ടോ, മയോനൈസ് തുടങ്ങിയ വസ്തുക്കള്‍ ശരീരത്തിലെ ആന്തരീക കോശങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്നു. പുകയില ഉപയോഗിക്കുന്നവരിലും മാനസിക സമ്മര്‍ദമുള്ളവരിലും ക്യാന്‍സര്‍ ബാധ കണ്ടുവരുന്നുണ്ട്.

ക്യാന്‍സര്‍ രോഗികളായ പുരുഷന്മാരില്‍ പകുതിയിലേറെ പേരും വായിലെ ക്യാന്‍സര്‍ ബാധിച്ചവരാണ്. രോഗനിര്‍ണയം വൈകുന്നത്, ചികിത്സാ കേന്ദ്രങ്ങളുടെ കുറവ്, ഭീമമായ ചികിത്സാ ചെലവ്, ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ കുറവ് എന്നിവ കാരണമാണ് ക്യാന്‍സര്‍ രോഗികളുടെ കൂടാന്‍ ഇടയാക്കുന്നത്. ഭയം കാരണമാണ് രോഗ നിര്‍ണയത്തിന് പോലും ആളുകള്‍ എത്താത്തതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.