ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമെന്ന് ദേവസ്വം മന്ത്രി നിയമസഭയില്‍

Posted on: February 4, 2019 12:56 pm | Last updated: February 4, 2019 at 1:54 pm

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തില്‍ തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍. ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ശബരിമല ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയെന്ന അവകാശവാദത്തിന് സ്ഥിരീകരണമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

ശബരിമലയില്‍ 17 യുവതികള്‍ ദര്‍ശനം നടത്തിയെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചത്. ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരനല്ല. മറ്റ് ജീവനക്കാരെപ്പോലെ തന്ത്രി പ്രവര്‍ത്തിക്കണം. ആചാര ലംഘനമുണ്ടായാല്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യാന്‍ ദേവസ്വം മാന്വലില്‍ പറയുന്നില്ല. ശബരിമല ആചാര വിശ്വാസ സംരക്ഷണത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായ അവകാശമല്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.