മോദിയുടെ കൗരവപ്പടയെ തകര്‍ക്കുക ലക്ഷ്യം; മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഒറ്റക്കെട്ട്: എ കെ ആന്റണി

Posted on: February 3, 2019 7:06 pm | Last updated: February 3, 2019 at 8:53 pm

കാസര്‍കോട്: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കൗരവപ്പടയെ തകര്‍ക്കാനുള്ള ദൗത്യം രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഈ യുദ്ധത്തില്‍ രാജ്യത്തെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പാര്‍ട്ടികളും തങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നായകത്വത്തില്‍ നടക്കുന്ന ജനമഹായാത്രയുടെ ഉദ്ഘാടനം കാസര്‍കോട്ട് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ പിന്തുടര്‍ന്നു വന്ന മൂല്യങ്ങളെല്ലാം തകര്‍ക്കപ്പെടുകയാണ്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും പുതിയ ഭരണഘട ഉണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുന്നു. ജനങ്ങളാകെ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. കാര്‍ഷിക രംഗം തകര്‍ന്നതു കാരണം കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. തൊഴിലില്ലായ്മ രൂക്ഷമായതിനു പുറമെ കൂലി കുറയുന്ന സ്ഥിതിയുമുണ്ടാകുന്നു. അത്യന്തം ഭീഷണമായ ഈ സാഹചര്യത്തില്‍ ദേശീയ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബി ജെ പി ഭരണത്തിന്റെ അന്ത്യം കുറിക്കേണ്ടത് അനിവാര്യമാണ്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം അധികാര കൈമാറ്റത്തിനു വേണ്ടി മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കൂടിയുള്ളതാണെന്നും ആന്റണി പറഞ്ഞു. പ്രളയാനന്തര കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ ഐക്യത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍
തകര്‍ക്കാന്‍ ശ്രമിക്കുന്ന സംസ്ഥാനത്തെ പിണറായി സര്‍ക്കാറിന് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കണമെന്നും കോണ്‍ഗ്രസ് നേതാവ് ആഹ്വാനം ചെയ്തു.