Connect with us

Prathivaram

നീലഗിരിക്കുന്നുകളിലെ പൊന്ന്

Published

|

Last Updated

വിവാഹാപേക്ഷകളില്‍ അന്വേഷണം നടത്താനെത്തിയ സമൂഹ വിവാഹക്കമ്മിറ്റിയംഗങ്ങള്‍ക്ക് വീട്ടിലേക്ക് വഴി കാട്ടുന്നതിന് കുഞ്ഞനുജത്തിയേയും കൂട്ടി നടവരമ്പ് തിരിയുന്നിടത്ത് കാത്തിരിക്കുകയാണ് പ്രതിശ്രുത വധു.
വീട്ടില്‍ മറ്റാരുമില്ലേ? ഗൃഹനാഥനെ ഉദ്ദേശിച്ചായിരുന്നു കമ്മിറ്റിയംഗങ്ങളുടെ ആ ചോദ്യം. അതാണ് ഞങ്ങളുടെ വീട്, ഉമ്മ മരിച്ചിട്ട് മൂന്ന് വര്‍ഷമായി, ബാപ്പ വീട്ടിലില്ല, പച്ചപിടിച്ച ചായത്തോട്ടത്തിനിടയിലെ നടവരമ്പ് കഴിഞ്ഞാല്‍ കാണുന്ന ചെറിയ കൂര ചൂണ്ടിക്കാണിച്ച്, പതുങ്ങിയ സ്വരത്തില്‍ അവള്‍ പറഞ്ഞു. ശേഷം കുടുംബത്തിന്റെ അവസ്ഥകള്‍ ഓരോന്നും കൂരയിലിരുന്ന് അന്വേഷണ പുസ്തകത്തില്‍ കുറിച്ച ശേഷം ഇറങ്ങാനിരിക്കുന്നതിനിടെ സംഘത്തിന്റെ അടുത്ത ചോദ്യം? ബാപ്പ എപ്പഴാ വരിക? പൊട്ടിക്കരച്ചിലിന്റെ അകമ്പടിയോടെയായിരുന്നു പെണ്‍കുട്ടി അതിന് മറുപടി പറഞ്ഞത്.

എനിക്ക് കല്യാണം നിശ്ചയിച്ച പുതിയാപ്ലയുടെ വീട്ടുകാര്‍ ഒരിക്കല്‍ വിളിച്ചിരുന്നു, കല്യാണം അടുക്കാറായില്ലേ, കൂരയൊന്ന് തേക്കുകയെങ്കിലും വേണ്ടേ? ആ ചോദ്യം പിതാവിനെ വല്ലാതെ തളര്‍ത്തി. അതിന് വക കണ്ടെത്തിയിട്ട് വരാമെന്ന് പറഞ്ഞ് പോയതാ, നാല് ദിവസമായി…..
ഇവിടെ ഭക്ഷണമെന്താ ഉള്ളത്? ചോറ് വെച്ചിട്ടുണ്ട്, കറിയില്‍ ചേര്‍ക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് പരിപ്പ് വേവിച്ച് വെച്ചിരിക്കുകയാണ്- രണ്ട് പെണ്‍കുട്ടികളും ഒന്നിച്ചാണ് മറുപടി നല്‍കിയത്. ഇത്തവണ വിവാഹം നടക്കാനിരിക്കുന്ന ഒരു കുടുംബത്തിന്റെ ദൈന്യതയുടെ വര്‍ത്തമാനമാണിത്…
****

പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ദരിദ്ര കുടുംബത്തിന്റെ അവസ്ഥയാണെന്നോ ഏതെങ്കിലും നോവലിലോ കഥയിലോ ഉള്ള ഭാഗമാണെന്നോ കരുതിയെങ്കില്‍ തെറ്റി. നീലഗിരിക്കുന്നുകളിലെ അകലെ നിന്ന് നോക്കിയാല്‍ കുളിര്‍മ നല്‍കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ നേര്‍മുറിച്ചിത്രമാണിത്. ഒറ്റപ്പെട്ട ജീവിതങ്ങളുടെതല്ല. നീലഗിരിക്കുന്നുകളിലെ തൊഴിലാളികളുടെ പൊതുകാഴ്ച തന്നെ. തേയിലത്തോട്ടങ്ങള്‍ പോലെയാണ് ഇവരുടെ ജീവിതവും. അകലെ നിന്ന് നോക്കിയാല്‍ പച്ചമെത്ത പോലെ ദൃശ്യവിരുന്നൊരുക്കിയ സുന്ദരക്കാഴ്ച. എന്നാല്‍, അവ അടുത്തുനിന്ന് നോക്കുമ്പോള്‍ വെറുമൊരു കുറ്റിച്ചെടി. വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും ഗദ്ഗദങ്ങള്‍ക്കിടയില്‍ പൊന്നും പണവും കൊടുത്ത് വിവാഹം നടത്താന്‍ ആര്‍ക്ക് സാധിക്കും? തേയിലക്കമ്പനി അനുവദിക്കുന്ന പാഡികളെന്ന ഒറ്റമുറി കൂരകളില്‍ വിശപ്പിന്റെ മണം ദൂരേക്ക് അടിച്ചു വീശുമ്പോള്‍ അവിടെയെന്ത് വിവാഹം? സ്വപ്‌നങ്ങള്‍ അകലെയാകുമ്പോള്‍ യുവതീ-യുവാക്കളുടെ വികാര വിചാരങ്ങള്‍ താളം തെറ്റുകയും ഒരു വേള അത് അസാന്‍മാര്‍ഗികതയിലേക്ക് വഴി മാറുകയും ചെയ്യുന്നു. മുതലെടുപ്പിനും കിട്ടാവുന്നതൊക്കെ ഊറ്റിക്കുടിക്കാനും കഷ്മലന്‍മാര്‍ ഊരു ചുറ്റുന്ന കാലത്ത് ഈ ചായത്തോട്ടത്തില്‍ എന്തൊക്കെയാണ് സംഭവിക്കാതിരിക്കുക?
****

തൃശൂര്‍ കേച്ചേരിയില്‍ ദര്‍സ് നടത്തുന്ന കാലം. നാട്ടിലെ പ്രായം ചെന്ന ഗുരുവര്യന്‍ എ സി എസ് ഹംസ മുസ്‌ലിയാര്‍ ഒരിക്കല്‍ ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാരെ വീട്ടിലേക്ക് വിളിച്ചു വരുത്തി ചില യാഥാര്‍ഥ്യങ്ങള്‍ പങ്കുവെച്ചു. ഇതിനൊരു അറുതി വരുത്താന്‍ എന്തെങ്കിലുമൊക്കെ നിനക്ക് ചെയ്യാന്‍ കഴിയുകയില്ലേയെന്ന ഒരു ചോദ്യവുമെറിഞ്ഞു. തേയിലത്തോട്ടങ്ങളില്‍ കൊളുന്ത് നുള്ളാനും കാപ്പിത്തോട്ടങ്ങളില്‍ കാപ്പിക്കുരു പറിക്കാനും വിധിക്കപ്പെട്ട രക്ഷിതാക്കളുടെ പുര നിറഞ്ഞ പെണ്‍മക്കളെക്കുറിച്ച് ഗുരുവര്യന്‍ ഉയര്‍ത്തിയ പുതിയ ചോദ്യങ്ങള്‍ ദേവര്‍ശോല ഉസ്താദിന്റെ മനസ്സില്‍ തീ കോരിയിടുന്നതായി. നൂറും 150 ഉം രൂപ ദിന വരുമാനമുള്ള ദമ്പതികള്‍. സ്വന്തമെന്ന് പറയാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ, എസ്റ്റേറ്റ് കമ്പനിക്കാര്‍ നല്‍കുന്ന ഒറ്റമുറിയില്‍ മക്കളേയുമായി ജീവിതം തള്ളിനീക്കുന്നവര്‍. വയസ്സ് 25ഉം 35 ഉം കഴിയുമ്പോള്‍ ഭര്‍ത്താക്കന്‍മാരെന്ന പേരില്‍ വരുന്നവര്‍ക്ക് പേരിന് വേളി കഴിച്ചുകൊടുത്ത് ഒന്നും രണ്ടും കുട്ടികളായ ശേഷം ഉപേക്ഷിച്ചു പോകുന്ന സംഭവങ്ങള്‍. മൈസൂര്‍ കല്യാണങ്ങള്‍ക്ക് ഇരകളായതിനെത്തുടര്‍ന്ന് പൊന്നും പണവും അപഹരിക്കപ്പെട്ട ശേഷം സ്വന്തം ശരീരത്തേയും വില്‍ക്കേണ്ടി വന്നവര്‍…. ഇങ്ങനെയൊരു നൂറ് സംഭവങ്ങളുടെ കെട്ടുകളായിരുന്നു എ സി എസ് ഉസ്താദ് തന്റെ പ്രിയ ശിഷ്യന് മുന്നില്‍ അവതരിപ്പിച്ചത്.

ഇതിനൊരു പരിഹാരം വേണ്ടേ? സമൂഹത്തിന്റെ വേദനകള്‍ സ്വയം നീറ്റലായി അനുഭവപ്പെടുന്ന ദേവര്‍ശോല ഉസ്താദിന്റെ മനസ്സ് സദാ മന്ത്രിച്ചു. ഒരിക്കല്‍ നാട്ടിലെ സുന്നി സംഘടനാ പ്രവര്‍ത്തകരുടെ യോഗത്തില്‍ വിഷയം വിശദമായിത്തന്നെ അവതരിപ്പിച്ചു. ആര്‍ക്കും ഒരഭിപ്രായ വ്യത്യാസവുമില്ല.
ഈ നാടിന് വേണ്ട സാന്ത്വനം വിവാഹ സ്വപ്‌നം സാക്ഷാത്കരിക്കലാണെന്ന് തിരിച്ചറിയുകയായിരുന്നു ആ ദാഈ. ഈ മാസം 21നാണ് പന്തല്ലൂര്‍ മര്‍കസിലെ സമൂഹ വിവാഹം. 350 യുവതീ യുവാക്കള്‍ക്കാണിവിടെ മംഗല്യസ്വപ്‌നം പൂവണിയാനിരിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണകളിലായി മര്‍കസിലെ പന്തലില്‍ മണവാട്ടികളായും പുതുമാരന്‍മാരായും പുറത്തിറങ്ങിയതാകട്ടെ 360 പേര്‍. പാടന്തറ മര്‍കസില്‍ സമൂഹ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ അത് ഒരു സ്ഥാപനത്തിലോ സംഘടനയിലോ മാത്രമൊതുങ്ങുന്ന ആഘോഷമല്ല.

നീലഗിരിയിലെ പ്രധാന നഗരമായ ഗൂഡല്ലൂരിലെ മുരുകന്‍ മെറ്റല്‍ മാര്‍ട്ടിന്റെ ഉടമ പളനിയപ്പന്റെ കടക്ക് മുന്നില്‍ ചെറിയൊരു പെട്ടി വെച്ചിട്ടുണ്ട്. ഗൂഡല്ലൂര്‍ ടൗണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണദ്ദേഹം. ഇത്തവണ പന്തല്ലൂര്‍ മര്‍കസില്‍ നടക്കുന്ന സമൂഹ വിവാഹത്തിലെ ഒരു പെണ്‍കുട്ടിക്ക് വേണ്ട സ്വര്‍ണമെങ്കിലും സംഘടിപ്പിച്ചു കൊടുക്കാനാണ് ഈ തത്രപ്പാട്. കഴിഞ്ഞ തവണകളില്‍ പളനിയപ്പന്റെ വകയായി നല്ലൊരു തുക ലഭിച്ചിരുന്നതായി ദേവര്‍ശോല ഉസ്താദും സാക്ഷ്യപ്പെടുത്തുന്നു.

സമൂഹ വിവാഹങ്ങളുടെ മുഖ്യ സംഘാടകരിലൊരാളാണ് തൊട്ടടുത്ത ശ്രീമുത്തുമാരിയമ്മന്‍ കോവിലിന്റെ രക്ഷാധികാരി ശശി. മുസ്‌ലിംകളല്ലാത്ത മുപ്പത് യുവതികളെയാണ് ഇത്തവണ പാടന്തറ മര്‍കസ് സമൂഹ വിവാഹ പദ്ധതിയിലുള്‍പ്പെടുത്തിയത്. അമുസ്‌ലിംകളുടെ അപേക്ഷകള്‍ ശ്രീമുത്തുമാരിയമ്മന്‍ കോവിലിന്റെ ശിപാര്‍ശയും അന്വേഷണ റിപ്പോര്‍ട്ടും ലഭിച്ചെങ്കിലേ പരിഗണിക്കൂ. സയ്യിദന്‍മാരുടേയും സാദാത്തീങ്ങളുടേയും സാന്നിദ്ധ്യത്തില്‍ മര്‍കസിലെ മഹനീയ സദസ്സുകളില്‍ മുസ്‌ലിം വരന്‍മാര്‍ നികാഹ് കര്‍മം നടത്തുമ്പോള്‍ തൊട്ടപ്പുറത്ത് കോവിലില്‍ പൂജാരി ശിവ പ്രകാശ് അയ്യരുടെ കാര്‍മികത്വത്തില്‍ ഹൈന്ദവ ദമ്പതികള്‍ വിവാഹിതരാകുന്നു.
പാടന്തറ മര്‍കസിലേക്ക് കടന്നു വരുമ്പോള്‍ പാടന്തറ മര്‍കസ് ആന്‍ഡ് മുത്തുമാരിയമ്മന്‍ ടെമ്പിള്‍ എന്ന വലിയൊരു ബോര്‍ഡ് കാണാം. ഒറ്റ നോട്ടത്തില്‍ അതിശയം തോന്നിക്കുന്ന ഈ ബോര്‍ഡിനെക്കുറിച്ച് സ്ഥാപനത്തിന്റെ രക്ഷാധികാരികളായ ഉപ്പട്ടി മജീദ് ഹാജിയോടും സി കെ കെ മദനിയോടും സംസാരിച്ചു. പാടന്തറ മര്‍കസിനും കൂടി ശ്രീ മുത്തുമാരിയമ്മന്‍ കോവിലകം കമ്മിറ്റി സ്ഥാപിച്ചതാണത്രെ ഈ ബോര്‍ഡ്. ബോര്‍ഡിന്റെ ഒരു കാല്‍ നാട്ടിയത് പൂജാരി ശിവ പ്രകാശ് അയ്യര്‍, മറ്റേ കാല്‍ നാട്ടിയതാകട്ടെ മര്‍കസിന്റെ മാനേജര്‍ സയ്യിദ് അലി അക്ബര്‍ തങ്ങള്‍.
*****

2014ലാണ് ആദ്യമായി പാടന്തറ മര്‍കസില്‍ വിവാഹ വേദിയൊരുങ്ങുന്നത്. അഞ്ച് പവനും 25000 രൂപയും കൊടുത്ത് 20 പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാനായിരുന്നു പദ്ധതി. വാര്‍ത്ത പുറത്തെത്തി, അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയതോടെ മര്‍കസിനു മുന്നില്‍ ദൈന്യതയുടേയും കഷ്ടപ്പാടിന്റെയും കഥകളുമായി ഉമ്മമാരുടെ നീണ്ട നിര. അവസാനം 57 പേരുടെ വിവാഹം ഏറ്റെടുക്കേണ്ടി വന്നു. എന്നിട്ടും തീര്‍ന്നില്ല പരാതികള്‍. അര്‍ഹതപ്പെട്ട എട്ട് കേസുകള്‍ സാമ്പത്തിക പരാധീനത മൂലം സംഘാടകര്‍ക്ക് ലിസ്റ്റില്‍ നിന്ന് വെട്ടിനീക്കേണ്ടി വന്നു.
വിവാഹാഘോഷം ഗംഭീരമായി നടന്നുകൊണ്ടിരിക്കെ ഒരു സ്ത്രീ ദേവര്‍ശോല ഉസ്താദിനോട് ചില കാര്യങ്ങള്‍ സംസാരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേജിന് പിന്നിലെത്തി. കണ്ണീരില്‍ കുതിര്‍ന്ന ആ പെണ്ണിന്റെ നിലവിളി സാന്ത്വന നായകനെ വല്ലാതെ തളര്‍ത്തി. വെട്ടിമാറ്റപ്പെട്ട എട്ട് യുവതികളില്‍ ഒരാളുടെ ഉമ്മയായിരുന്നു അത്. എന്റെ കുട്ടിയേയും കൂടി ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍…. എന്നായിരുന്നു ആ സംസാരത്തിന്റെ ആകെത്തുക. അബ്ദുസ്സലാം മുസ്‌ലിയാര്‍ അവരോട് പറഞ്ഞു: ഒഴിവാക്കിയ എട്ട് പേരേയും അടുത്ത തവണ പരിഗണിക്കാം.
ദേവര്‍ശോല ഉസ്താദിന്റെ ദര്‍സിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമെന്ന പേരില്‍ 2015ല്‍ 130 യുവതികള്‍ക്ക് മംഗല്യത്തിനുള്ള പദ്ധതികളൊരുക്കി. കഴിഞ്ഞ തവണ ഒഴിവാക്കിയവര്‍ക്ക് ആദ്യ പരിഗണന. എന്നാല്‍, ദു:ഖകരമെന്ന് പറയട്ടെ കഴിഞ്ഞ തവണ ഒഴിവാക്കിയവരില്‍ ഒരാളുടെ പുതിയാപ്ല മാത്രമേ ഒരു വര്‍ഷം കാത്തിരിക്കാന്‍ തയ്യാറായുള്ളൂ.

ഇത് ആ സാന്ത്വന നായകനെ വല്ലാതെയങ്ങ് ഉലച്ചു. ഉസ്താദ് തന്നെ ഏറെ പരിശ്രമിച്ചു. എന്നിട്ടും മറ്റ് ഏഴ് പേര്‍ക്ക് ഇന്നും വിവാഹ സ്വപ്‌നം അകലെ…
2017ല്‍ 173 യുവതികള്‍ക്കാണിങ്ങനെ പാടന്തറ മര്‍കസിന്റെ വഴിയില്‍ വിവാഹം സഫലമായത്.
ഇത്തവണ 150 യുവതീ യുവാക്കള്‍ക്ക് മംഗല്യം നെയ്യുകയെന്നതായിരുന്നു ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തില്‍ എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റി തയ്യാറാക്കിയ പദ്ധതി. എന്നാലത് ഇപ്പോള്‍ തന്നെ 350ലെത്തി. 63 ഓളം അപേക്ഷകള്‍ ഇപ്പോഴും പുറത്ത്. അപ്പോഴും സലാം ഉസ്താദിന്റെ മനസ്സില്‍ പണ്ട് ഒഴിവാക്കിയതിനെത്തുടര്‍ന്ന് ഇന്നും വിവാഹം സ്വപ്‌നമായി അവശേഷിക്കുന്ന ഏഴ് പേരുടെ മുഖം. ആരെ ഒഴിവാക്കിയാലും അവര്‍ക്ക് വരുന്ന ഗതി ആ ഏഴ് പേരുടേതു തന്നെ.
വിവാഹത്തീയതി അടുക്കുമ്പോള്‍ അബ്ദുസ്സലാം മുസ്‌ലിയാരുടെ മനസ്സില്‍ തീയാണ്. പണ്ടവും പണവും ഒപ്പിക്കണം. എവിടെ നിന്ന് കിട്ടും? എല്ലാം സര്‍വനാഥനിലര്‍പ്പിച്ച് ഒരിറക്കമാണ്. ഓരോ ഇറക്കത്തിലും എന്തെങ്കിലുമൊക്കെ കിട്ടാറുണ്ടെങ്കിലും എങ്ങനെ തികയ്ക്കുമെന്ന് ഒരു നിശ്ചയവുമില്ലെന്ന് ആ സാന്ത്വന നായകന്‍ അടക്കം പറയുന്നു.

പാടികളിലെ കൂരകളില്‍ കഴിയുന്ന കുടുംബത്തിലേക്ക് ഒരു മണവാളനെത്തുമ്പോള്‍ ചുരുങ്ങിയത് ഒരു ബെഡും ബാത്ത് റൂമും തന്നെയെങ്കിലും വേണ്ടേ? ഇങ്ങനെ അത്യാവശ്യം സൗകര്യങ്ങളൊരുക്കാനാണ് ഇരുപത്തയ്യായിരം രൂപ നല്‍കുന്നത്. പിന്നെ വധുവിന് അഞ്ച് പവന്‍ സ്വര്‍ണവും.

ഒരു കുടുംബത്തില്‍ 25 പേര്‍ക്കായിരുന്നു ആദ്യമൊക്കെ വിവാഹ സദ്യ. ഒരിക്കല്‍ ഒരു ഉമ്മ വന്ന് ഉസ്താദിനോട് പറഞ്ഞു, ഞങ്ങള്‍ക്ക് ‘ഭക്ഷണമൊന്നും വേണ്ട. ഞങ്ങളുടെ കുട്ടികളുടെ വിവാഹമൊന്ന് കാണാന്‍ വരാന്‍ അവസരമൊരുക്കണം. ഇത്തരത്തിലുള്ള ദൈന്യതയുടെ സംഭാഷണങ്ങള്‍ സംഘാടകരെ വല്ലാതെയുലച്ചു. പിന്നെ വരുന്നവര്‍ക്കൊക്കെ ഭക്ഷണം കൊടുക്കാനായി പദ്ധതി. ഇത്തവണ അമ്പതിനായിരം പേര്‍ക്കുള്ള വിവാഹ സദ്യയാണ് പാടന്തറ മര്‍കസിലൊരുങ്ങുന്നത്. വധൂവരന്‍മാര്‍ക്കുള്ള വസ്ത്രവും സംഘാടകര്‍ നല്‍കുന്നുണ്ട്. പാടന്തറ മര്‍കസിന് കീഴില്‍ നടക്കുന്ന സമാനതകളില്ലാത്ത സാന്ത്വനപ്രവര്‍ത്തനങ്ങളില്‍ അത്ഭുതം കൂറുകയാണ് തമിഴ് ജനത. നായകന്‍ ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാരെ ഇതിന് മുമ്പ് ഈരോട് യൂനിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവുമെല്ലാം ഉസ്താദിന് കരുത്ത് പകരാന്‍ ഒപ്പമുണ്ട്. 2017ലെ വിവാഹ സദ്യക്ക് “അമ്മ കുടിവെള്ളം” എന്ന പേരില്‍ 25000 ബോട്ടില്‍ കുടിവെള്ളമായിരുന്നു ജയലളിതയുടെ പേരില്‍ നല്‍കിയത്. മണവാട്ടികള്‍ക്ക് പര്‍ദ വാങ്ങാനുള്ള പണവും അവരുടെ വകയായിരുന്നു. കരുണാനിധി അസുഖബാധിതനായി കിടന്ന സമയത്ത് പ്രാര്‍ഥിക്കാന്‍ എന്ന പേരിലാണ് മുന്‍ കേന്ദ്രമന്ത്രിയും സ്ഥലം എം പിയുമായ എ രാജ സമൂഹ വിവാഹ സദ്യക്കുള്ള ഭക്ഷണം നല്‍കിയത്.

Latest