അലിയെന്ന അത്ഭുതം

  Posted on: February 3, 2019 1:31 pm | Last updated: February 3, 2019 at 1:31 pm

  ഏഷ്യന്‍ ഫുട്‌ബോളില്‍ ഖത്വര്‍ ചരിത്രംസൃഷ്ടിച്ചപ്പോള്‍ ലോകശ്രദ്ധ പതിഞ്ഞത് ഇരുപത്തിരണ്ടുകാരനായ അല്‍മുഇസ്‌
  അലിയിലാണ്. മത്സരം പന്ത്രണ്ടാം മിനുട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ ജപ്പാന്‍ ഗോള്‍ മുഖത്തേക്ക് ഖത്വറിന്റെ ഒരാക്രമണം. ഇടത് വിംഗില്‍ നിന്ന് ബോക്‌സിനകത്തേക്ക് ലഭിച്ച ക്രോസ് ബോള്‍ ഓട്ടത്തിനിടെ തിരിഞ്ഞു നിന്ന് നിയന്ത്രിച്ചെടുത്ത അലി വായുവില്‍ കരണം മറഞ്ഞപ്പോള്‍ ഗോള്‍ സംഭവിച്ചു ! ടൂര്‍ണമെന്റില്‍ അലിയുടെ ഒമ്പതാം ഗോള്‍. ഒരൊറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന ചരിത്രപരമായ പദവി ഇനി ഖത്വര്‍ സ്‌ട്രൈക്കര്‍ക്ക്. 1996 ല്‍ അലി ദേയി നേടിയ എട്ട് ഗോളുകളുടെ റെക്കോര്‍ഡാണ് ആ ബൈസിക്കിള്‍ കിക്കില്‍ പഴങ്കഥയായത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും താരമൂല്യമുള്ള പ്ലെയറും അലിയാണ്.

  അലി ദേയിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിച്ചത് വിശ്വസിക്കാന്‍ പ്രയാസം. കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുണ്ടെന്ന്അറിയാമെങ്കിലും ഒമ്പതെണ്ണമായെന്ന് അറിയില്ലായിരുന്നു. ഞാന്‍ ഗോളടിച്ചത് കൊണ്ട് മാത്രമല്ല ടീം കപ്പ് നേടിയത്. മികച്ച പ്രതിരോധ നിരയാണ് ഖത്വറിന്റെത്. ടൂര്‍ണമെന്റില്‍ ആകെ വഴങ്ങിയത് ഒരു ഗോളാണ്. അവരുടെ മികവിനെ കാണാതിരുന്നു കൂടാ – അലി പറഞ്ഞു.

  ജപ്പാനെതിരെ അല്‍മുഇസ് അലി ഖത്വറിന്റെ ആദ്യ ഗോള്‍ നേടുന്നു

  ഖത്വര്‍ ക്ലബ്ബ് അല്‍ ദുഹൈലിന്റെ താരമായ അലി ഈ വര്‍ഷം നടക്കുന്ന കോപ അമേരിക്കയില്‍ മികച്ച പ്രകടനം ലക്ഷ്യമിടുകയാണ്. ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്വറും ജപ്പാനും അതിഥി ടീമുകളായി പങ്കെടുക്കുന്നുണ്ട്. 2022 ലോകകപ്പ് ആതിഥേയരാണ് ഖത്വര്‍. അതിനുള്ള തയ്യാറെടുപ്പിലാണ് ടീം. ഏഷ്യാ കപ്പ് ജയം ഖത്വറിന്റെ തയ്യാറെടുപ്പുകള്‍ മികച്ച രീതിയിലാണെന്ന് വ്യക്തമാക്കുന്നു. കോപ അമേരിക്കയില്‍ അര്‍ജന്റീനയും കൊളംബിയയും പരാഗ്വെയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ഖത്വര്‍.

  യൂറോപ്യന്‍ ക്ലബ്ബുകള്‍ ഏഷ്യാ കപ്പിലെ മികച്ച കളിക്കാരെ നോട്ടമിടും. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസ് മൗറിഞ്ഞോ ഖത്വര്‍ സ്‌ട്രൈക്കറുടെ പ്രകടനത്തെ വാനോളം പ്രശംസിച്ചിട്ടുണ്ട്. യൂറോപ്പില്‍ കളിക്കുക എന്നത് സ്വപ്‌നമാണെന്ന് അലി പറഞ്ഞു. ഫുട്‌ബോള്‍ ലോകം മുഴുവനും പടര്‍ന്ന് കിടക്കുകയല്ലെ. യൂറോപ്പില്‍ കളിക്കണം. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കണം. ലോകകപ്പില്‍ ഖത്വറിനായി തിളങ്ങണം – ഇതാണ് അലിയുടെ വലിയ സ്വപ്നം.