Connect with us

Kerala

വാശി വേണ്ട, മൂന്നാം സീറ്റിനായി ലീഗ്

Published

|

Last Updated

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി അധികം വേണമെന്ന നിലപാടില്‍ ഉറച്ച് മുസ്‌ലിം ലീഗ് നേതൃത്വം. ഇന്നലെ പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതിയിലാണ് അര്‍ഹതയുള്ള മൂന്നാം സീറ്റിനുള്ള ആവശ്യം മുന്നോട്ടു വെക്കാന്‍ തീരുമാനമായത്. പത്തിന് ചേരുന്ന യുഡിഎഫ് ഉഭയ കക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കാനും ധാരണയായി. മലപ്പുറം മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബശീറും തന്നെ മത്സരിക്കും. ഇക്കാര്യത്തില്‍ ഏക അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
മത്സരിക്കുന്നതിന് ഇരുവരും സമ്മതം അറിയിക്കുകയും ചെയ്തു. ഇതിനായി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് എന്നിവരെ നിയോഗിച്ചു. യൂത്ത് ലീഗ് ഉള്‍പ്പെടെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നിരന്തരമായി മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതിനാല്‍ പിന്നോട്ട് പോകേണ്ടതില്ലെന്നും സീറ്റ് ചോദിക്കുന്നതില്‍ മടിക്കേണ്ടതില്ലെന്നുമായിരുന്നു യോഗത്തിലെ പൊതുവികാരം.

പി ജെ ജോസഫ് അധിക സീറ്റ് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ മുസ്‌ലിം ലീഗ് പിന്നോട്ട് പോകേണ്ട സാഹചര്യമില്ല. എന്നാല്‍ ജോസഫിന്റെ ആവശ്യം അനവസരത്തിലുള്ളതാണ്. ഇക്കാര്യം യു ഡി എഫ് യോഗത്തില്‍ ആവശ്യമെങ്കില്‍ മുസ്‌ലിം ലീഗ് തന്നെ ബോധ്യപ്പെടുത്തും. മൂന്നാം സീറ്റ് ചോദിക്കുന്നത് യു ഡി എഫിന് പ്രതിസന്ധി സൃഷ്ടിക്കില്ല.

വടകര, വയനാട്, കാസര്‍കോട് മണ്ഡലങ്ങളില്‍ ഒന്നാണ് ലീഗ് ആവശ്യപ്പെടുക. എന്നാല്‍ മൂന്നാം സീറ്റിനായി കടുത്ത നിലപാട് മുസ്‌ലിം ലീഗ് എടുത്തേക്കില്ല. പാര്‍ട്ടിയുടെ പൊതുവികാരമെന്ന നിലയിലാകും പുതിയ സീറ്റ് ആവശ്യപ്പെടുകയെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തില്‍ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടാക്കാന്‍ നേതൃത്വം തയ്യാറാകില്ല. ഉഭയകക്ഷി യോഗത്തില്‍ സീറ്റാവശ്യത്തില്‍ നിന്ന് പിന്മാറിയാലും അണികളെ തൃപ്തിപ്പെടുത്താനാവും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് അവകാശപ്പെടാനും ഇത് വഴിയൊരുക്കുമെന്നാണ് ലീഗ് കണക്കുകൂട്ടല്‍.

ഇതിനിടെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ഇന്നലെ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഉന്നതാധികാര സമിതി യോഗത്തിന് തൊട്ടുമുമ്പായിരുന്നു സന്ദര്‍ശനം. അര മണിക്കൂറോളം നീണ്ട സംഭാഷണത്തില്‍ മൂന്നാം സീറ്റിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് മുതല്‍ കാസര്‍കോട് നിന്നാരംഭിക്കുന്ന ജനമഹാ യാത്രക്ക് മുമ്പ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളെ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങുന്നതിനാണ് എത്തിയതെന്നും 1980 മുതല്‍ പാണക്കാട് തറവാടുമായി ആത്മബന്ധമുണ്ടെന്നും തിരഞ്ഞെടുപ്പില്‍ വലിയ വിജയം യു ഡി എഫിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പളളി എത്തുന്നതിന് മുമ്പേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ട് എത്തിയിരുന്നു. എന്നാല്‍ മകന്റെ വിവാഹം ക്ഷണിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എത്തിയതെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നുമാണ് വിവരം.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബശീര്‍, കെ പി എ മജീദ്, എം കെ മുനീര്‍, പി വി അബ്ദുല്‍ വഹാബ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.