Connect with us

Prathivaram

ഗാന്ധിയെ വീണ്ടും വെടിവെക്കുന്നവര്‍

Published

|

Last Updated

ജനുവരി മുപ്പത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വധിക്കപ്പെട്ട ദിവസമായിരുന്നു. മഹാത്മാവിനെ ഇല്ലാതാക്കിയവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ രക്തസാക്ഷി ദിനം കൊണ്ടാടിയത്. ഗാന്ധിയെ ഇല്ലാതാക്കിയാലും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ ഇവിടെ ജീവിക്കുന്നു എന്നതായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഓടിയ പ്രധാന സന്ദേശം. ഗാന്ധി ഓട്ടോറിക്ഷ തട്ടിയല്ല മരിച്ചതെന്നും അദ്ദേഹം ജനമനസ്സുകളില്‍ ജീവിക്കുന്നുവെന്നും സമൂഹ മാധ്യമങ്ങളില്‍ ഗാന്ധി സ്മരണകള്‍ നിറയുന്നതിനിടക്കാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് ആ വാര്‍ത്ത വന്നത്.

ഗാന്ധിയുടെ പ്രതിരൂപത്തിന് നേരെ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ വെടിയുതിര്‍ത്ത് രക്തസാക്ഷി ദിനം ആഘോഷിക്കുന്നു. അലിഗഢില്‍ നടന്ന പരിപാടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. ഗാന്ധി വെടിയേറ്റ് ചോരയൊഴുകുന്നതും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. വെടിയുതിര്‍ത്ത ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും മധുരം വിളമ്പുകയും ചെയ്തു. ശകുന്‍ പാണ്ഡെ കൃത്രിമ തോക്ക് ഉപയോഗിച്ച് ഗാന്ധി പ്രതിമയില്‍ വെടിവെക്കുകയും ചോരയുടെ നിറമുള്ള ദ്രാവകം ഒഴുകുകയും ചെയ്തതായി ടൈംസ് നൗ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗാന്ധിയെ വെടിവെച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്സെയും കൊലപാതക ഗൂഢാലോചനാ കേസില്‍ പ്രതിയായിരുന്ന, ആര്‍ എസ് എസിന്റെ എക്കാലത്തെയും ആത്മീയ നേതാവ് വിനായക് ദാമോദര്‍ സവര്‍കറും നേതാക്കളായിരുന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ നിലവിലുള്ള ജനറല്‍ സെക്രട്ടറിയാണ് ഫോട്ടോക്ക് നേരെ വെടിവെച്ച് രസിച്ച പൂജാ ശകുന്‍ പാണ്ഡെ എന്ന സംഘ്പരിവാര്‍ ഭീകരവാദി. ഗണിത ശാസ്ത്രത്തില്‍ പി എച്ച് ഡി ഉണ്ടെന്ന അവകാശപ്പെടുന്ന, അധ്യാപികയായ ഇവര്‍, 70 വര്‍ഷം മുമ്പ് ജീവിച്ചിരുന്നുവെങ്കില്‍ താന്‍ ഗാന്ധിയെ കൊല്ലുമെന്ന് നേരത്തെ പ്രഖ്യാപിച്ച ആളാണ്. ഗോഡ്സെയാണ് തന്റെ നേതാവ് എന്ന് പല വട്ടം പ്രഖ്യാപിച്ചയാള്‍.

മഹാത്മാ ഗാന്ധി വിട പറഞ്ഞ ദിനം ശൗര്യ ദിവസ് ആയാണ് ഹിന്ദു മഹാസഭ ആചരിക്കുന്നത്. ഗോഡ്സെക്ക് ആദരമര്‍പ്പിച്ച് ഹിന്ദുമഹാസംഘടന ഗാന്ധിയുടെ രക്തസാക്ഷിത്വം ആചരിക്കാറുണ്ടെങ്കിലും ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്തുകൊണ്ടുള്ള പരിപാടി ആദ്യമായാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന അഹിംസാ നേതാവായി ലോകം ഗാന്ധിയെ ആദരിക്കുമ്പോള്‍ ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരനായാണ് ഹിന്ദുമഹാസഭ കാണുന്നത്. ഗാന്ധിക്ക് മുസ്‌ലിംകളോട് മൃദുസമീപനമാണെന്നതും അതുകൊണ്ടാണ് പാക്കിസ്ഥാന്‍ ഉണ്ടായതെന്നുമാണ് ഹിന്ദു സഭ മുന്നോട്ട് വെക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. അതിനാല്‍ തന്നെ നാഥുറാം ഗോഡ്സെ സംഘ്പരിവാരത്തിന്റെ വീരപുരുഷനും. 1948 ജനുവരി 30ന് ദല്‍ഹിയിലെ ബിര്‍ള മന്ദിരത്തിലെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഗാന്ധിജിയെ ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ ഗോഡ്‌സെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഗോഡ്സെ അടക്കം എട്ട് പേരാണ് ഗാന്ധി വധത്തില്‍ വിചാരണ നേരിട്ടത്. ഇതില്‍ ഗോഡ്സെയെയും നാരായണ്‍ ആപ്തെയെയും വധശിക്ഷക്ക് വിധിക്കുകയും മറ്റ് മൂന്ന് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. 1949 നവംബര്‍ 15 നാണ് ഗോഡ്സെയെ തൂക്കിലേറ്റിയത്. ഗോഡ്സെ ഗാന്ധിയോട് ചെയ്തത് ഒരു അക്രമം ആണെന്ന് കരുതുന്നില്ല എന്നതാണ് എക്കാലത്തും ഹിന്ദുമഹാസഭയുടെ നിലപാട്. ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു സംഘത്തെ ഏതാനും ആഴ്ചകളായി ലോകം ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രകോപനപരമായ പരിപാടികള്‍ തീവ്ര ഹിന്ദു സംഘടനകള്‍ നടത്തിവരുന്നുണ്ട്. ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് ബി ജെ പി.എം പിയായ സാക്ഷി മഹാരാജ് കഴിഞ്ഞ ഡിസംബറില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം പ്രസ്താവന പിന്‍വലിക്കേണ്ടി വന്നു.

അതേസമയം, മഹാത്മാവിനെ പ്രതീകാത്മകമായി വധിച്ച് അപമാനിച്ച ഹിന്ദുമഹാസഭക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധങ്ങളാണ് നടന്നത്. രാജ്യത്തെ മുഴുവന്‍ അപമാനിക്കുന്ന കുറ്റകൃത്യമാണ് ഇവര്‍ നടത്തിയതെന്നും ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്നും വിവിധ ഭാഷകളില്‍ പ്രതിഷേധമിരമ്പി.

യാസര്‍ അറഫാത്ത് നൂറാനി

Latest