മോദിയെ വിറപ്പിക്കാന്‍ പെണ്‍പട; പ്രിയങ്കയും മമതയും മായാവതിയും ബിജെപിക്ക് വന്‍ വെല്ലുവിളി

കോണ്‍ഗ്രസിന് വേണ്ടി കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക സജീവമാകുമ്പോള്‍ മമതയും മായാവതിയും എന്‍ ഡി എയെ നിലംതൊടീക്കില്ലെന്ന പ്രഖ്യാപനവുമായി ബൃഹത് പ്രതിപക്ഷ ഐക്യത്തിന് വേണ്ടി ശ്രമം നടത്തിവരികയാണ്.
Posted on: February 3, 2019 12:39 pm | Last updated: February 3, 2019 at 12:40 pm

മുംബൈ: രണ്ടാം തവണ അധികാരം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനിറങ്ങുന്ന ബി ജെ പിക്ക് ഇത്തവണ മറ്റൊരു വെല്ലുവിളിയാകുക മൂന്ന് സ്ത്രീകളുടെ സാന്നിധ്യമാകും. കഴിഞ്ഞ മാസം രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ച നെഹ്‌റു- ഗാന്ധി കുടുംബാംഗം പ്രിയങ്കാ ഗാന്ധിയാണ് അതില്‍ ഒരാള്‍. രാഷ്ട്രീയത്തില്‍ ഏറെക്കാലമായി ഉരുക്കുവനിതകളായി തുടരുന്ന മമതാ ബാനര്‍ജിയും മായാവതിയുമാണ് ശേഷിക്കുന്ന രണ്ട് പേര്‍. കോണ്‍ഗ്രസിന് വേണ്ടി കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക സജീവമാകുമ്പോള്‍ മമതയും മായാവതിയും എന്‍ ഡി എയെ നിലംതൊടീക്കില്ലെന്ന പ്രഖ്യാപനവുമായി ബൃഹത് പ്രതിപക്ഷ ഐക്യത്തിന് വേണ്ടി ശ്രമം നടത്തിവരികയാണ്.

പ്രിയങ്കയെക്കാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറക്കം കെടുത്താന്‍ പോകുന്നത് മമതയുടെയും മായാവതിയുടെയും കോപ്പുകൂട്ടലുകളാണ്. ഇരുവരും പ്രധാനമന്ത്രി പദം ലക്ഷ്യമിടുന്നുവെന്നതും അതിന് കാരണമാകുന്നു. മായാവതി എന്ന മുന്‍ അധ്യാപികയായ ബി എസ് പി മേധാവി അടുത്തിടെയാണ് അവരുടെ പരമ്പരാഗത വൈരികളായ എസ് പിയുമായി സഖ്യമുണ്ടാക്കിയത്. പൊതുവെ ദളിത് വിഭാഗത്തിന്റെ പിന്തുണയുള്ള ബി എസ് പിക്ക് ഇതുവഴി പിന്നാക്ക, മുസ്‌ലിം വിഭാഗങ്ങളുടെയും വോട്ട് സമാഹരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ രണ്ട് തവണ കേന്ദ്ര റെയില്‍വേ മന്ത്രിയായിട്ടുള്ള മമതയാകട്ടെ കൊല്‍ക്കത്തയില്‍ പതിനായിരങ്ങളും വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളും പങ്കെടുത്ത മഹാറാലി സംഘടിപ്പിച്ചാണ് ശക്തി തെളിയിച്ചത്. 1997ല്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ച ശേഷം പകരം വെക്കാനില്ലാത്ത ശക്തയായ വനിതാ നേതാവായാണ് അവര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉയര്‍ന്നുവന്നത്.

പക്ഷേ, സ്ത്രീകളെ അവഗണിച്ചുവെന്ന ആരോപണം ഉന്നയിച്ച് ആക്രമിക്കാന്‍ കഴിയുന്നതല്ല അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാറിനെ. 26 അംഗ മന്ത്രിസഭയില്‍ ആറ് സ്ത്രീകളുണ്ട് മോദിക്കൊപ്പം. പക്ഷേ, മോദിയിലും ഏതാനും ചില മുതിര്‍ന്ന അംഗങ്ങളിലുമാണ് പ്രധാന അധികാര കേന്ദ്രങ്ങളെല്ലാം.

എന്‍ ഡി എയെക്കാളും കരുത്തുറ്റ സ്ത്രീകള്‍ പ്രതിപക്ഷത്താണെന്നാണ് ബി ജെ പി വിട്ട മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ അഭിപ്രായം. ഹിന്ദി ഹൃദയഭൂമിയില്‍ നേരിട്ട കനത്ത പരാജയം ബി ജെ പിയെയും എന്‍ ഡി എയും നിരാശയിലാക്കിയിട്ടുണ്ടെന്നും സിന്‍ഹ വിലയിരുത്തി.