നെടുമങ്ങാട് പോലീസ് സ്‌റ്റേഷന് ബോംബെറിഞ്ഞ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ പിടിയില്‍

Posted on: February 3, 2019 11:11 am | Last updated: February 3, 2019 at 8:17 pm

തിരുവനന്തപുരം : നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണിനെ തമ്പാനര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് വിവിധ ഹിന്ദു സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനിടെയാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബേറുണ്ടായത്. സ്റ്റേഷനിലേക്കും സി പി എം ജാഥക്ക് നേരെയും പ്രവീണ്‍ ബോംബെറിയുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
സംഘര്‍ഷത്തിനിടെ നാല് ബോംബുകളാണ് ഇയാള്‍ സ്റ്റേഷന് നേരെ എറിഞ്ഞത്. ഇതോടെ പോലീസുകാര്‍ ചിതറിയോടി. അക്രമത്തിനിടെ നെടുമങ്ങാട് എസ് ഐയുടെ കൈ ഒടിഞ്ഞിരുന്നു. രണ്ട് ബോംബുകള്‍ സി പി എമ്മിന്റെ റാലിക്ക് നേരെയും എറിഞ്ഞിരുന്നു. വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് പ്രവീണ്‍.

ഹര്‍ത്താല്‍ ദിവസം ആര്യനാട്ടെ ഒരു സ്വകാര്യ ബേങ്ക് അടപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന് ഏതാനും ആര്‍ എസ് എസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ നെടുമങ്ങാട് പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ സ്ഥാപിച്ച വനിതാ മതിലിന്റെയും പൊതു പണിമുടക്കിന്റെയും ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. ഇവര്‍ പിരിഞ്ഞുപോയതിന് പിന്നാലെ സംഘടിച്ചെത്തിയ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ സത്രം മുക്കിലെ ബി ജെ പി ഓഫീസിന് നേരെ ആക്രമണം നടത്തി. ഒപ്പം കല്ലേറുമുണ്ടായി. ചിതറിയോടിയ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പോലീസ് സ്റ്റേഷനില്‍ അഭയം നല്‍കിയെന്നാരോപിച്ച് സി പി എം പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് നീങ്ങി.

പിന്നാലെയാണ് സ്റ്റേഷന് മുന്നില്‍ ബോംബ് വീണ് പൊട്ടിയത്. ഉഗ്രമായ ശബ്ദം കേട്ട് പോലീസുകാരും പ്രവര്‍ത്തകരും ചിതറി ഓടി. തലനാരിഴക്കാണ് പ്രവര്‍ത്തകരും പോലീസുകാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വീണ്ടും ഒത്തുകൂടിയ സി പി എം പ്രവര്‍ത്തകര്‍ കച്ചേരി നടയിലേക്ക് പ്രകടനമായി വരുന്നതിനിടെ പിന്നെയും ബോംബേറുണ്ടായി. സി പി എം പ്രവര്‍ത്തകരാണോ ആര്‍ എസ് എസുകാരാണോ ബോംബ് എറിഞ്ഞതെന്ന കാര്യത്തില്‍ ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. പോലീസിനെ ആക്രമിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടാകുന്നതും ബോംബ് എറിയുന്നതും.

സംഭവത്തില്‍ പ്രവീണിന്റെ സഹോദരനെ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രവീണിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.