മഞ്ചേരിയില്‍ വീണ്ടും ഗതാഗത പരിഷ്‌കാരം

Posted on: February 3, 2019 11:11 am | Last updated: February 3, 2019 at 11:11 am

മഞ്ചേരി: നഗരത്തില്‍ നാളെ മുതല്‍ പുതിയ ഗതാഗത പരിഷ്‌കാരം നിലവില്‍വരും. കലക്ടര്‍ അമിത് മീണ അധ്യക്ഷനായുള്ള യോഗത്തില്‍ ഗതാഗത പരിഷ്‌കരണം സംബന്ധിച്ച നാറ്റ്പാക് റിപ്പോര്‍ട്ട് ആര്‍ ടി എ യോഗം അംഗീകരിച്ചു. നാറ്റ്പാക് സമര്‍പ്പിച്ച മറ്റു നിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനം. ഇതുപ്രകാരം കോഴിക്കോട് ഭാഗത്തേക്കുളള ബസുകള്‍ കച്ചേരിപ്പടി ബസ് ടെര്‍മിനലില്‍ നിന്ന് പുറപ്പെടും.

നിലമ്പൂര്‍, പാണ്ടിക്കാട്, അരീക്കോട് ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ എസ് എച്ച് ബി ടി സ്റ്റാന്‍ഡിലെത്തിയ ശേഷം പഴയ ബസ്സ്റ്റാന്‍ഡ്, മലപ്പുറം റോഡ് വഴിയാണ് കച്ചേരിപ്പടി സ്റ്റാന്‍ഡിലെത്തുക. മഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന കോഴിക്കോട് ബസുകള്‍ തുറക്കല്‍ ബൈപ്പാസ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. മലപ്പുറം, പെരിന്തല്‍മണ്ണ ബസുകള്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് ആരംഭിക്കണം. നിലമ്പൂര്‍, അരീക്കോട്, വണ്ടൂര്‍, പാണ്ടിക്കാട്, കരുവാരക്കുണ്ട് ഭാഗങ്ങളിലേക്കുളള ബസുകള്‍ എസ് എച്ച് ബി ടി സ്റ്റാന്‍ഡില്‍ നിന്നാണ് പുറപ്പെടേണ്ടത്. മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം പി അജിത്ത്കുമാര്‍, ആര്‍ ടി ഒ അനൂപ്‌വര്‍ക്കി പങ്കെടുത്തു.