കിക്കോഫ് ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചു

Posted on: February 3, 2019 10:53 am | Last updated: February 3, 2019 at 10:53 am
സംസ്ഥാന സ്‌പോര്‍ട്‌സ് യുവജന കാര്യ വകുപ്പിന് കീഴില്‍ കോട്ടക്കല്‍ ഗവ. രാജാസ് സ്‌കൂള്‍ മൈതാനിയില്‍ ആരംഭിച്ച കിക്കോഫ് പരിശീലന പരിപാടി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

കോട്ടക്കല്‍: സംസ്ഥാന സ്‌പോര്‍ട്‌സ് യുവജന കാര്യ വകുപ്പിന് കീഴില്‍ തുടങ്ങുന്ന കിക്കോഫ് ഫുട്‌ബോള്‍ പരിശീലനം കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. തിരഞ്ഞെടുത്ത 25 കുട്ടികള്‍ക്കാണ് പരിശീലനം.

2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച 300 ഓളം കുട്ടികളാണ് ‘കിക്കോഫ്’ പദ്ധതിയുടെ സെലക്ഷനില്‍ പങ്കെടുത്തത്. മൂന്ന് ഇനങ്ങളിലായാണ് പ്രിലിമിനറി സെലക്ഷന്‍ ക്യാമ്പ് നടത്തിയാണ് 25 പേരെ കണ്ടെത്തി. ആഴ്ചയില്‍ രണ്ട് ദിവസം ഒന്നര മണിക്കൂര്‍ വീതമാണ് പരിശീലനം. സ്‌പോര്‍ട്‌സ് കിറ്റ്, ലഘുഭക്ഷണം എന്നിവ ഇവര്‍ക്ക് സൗജന്യമായി ലഭിക്കും. കോച്ച്, അസി. കോച്ച് എന്നിവരുടെ സേവനം, ഇന്റര്‍ സെന്റര്‍ മത്സരങ്ങള്‍, വിദഗ്ധ വിദേശ കോച്ചുകളുടെ സാങ്കേതിക സഹായം, സെലക്ഷന്‍, മോണിറ്ററിംഗ് എന്നിവ സുതാര്യമാക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംവിധാനം, സംസ്ഥാന സ്‌കൂള്‍, രക്ഷാകര്‍തൃ തല സംഘടനാ സംവിധാനം എന്നിവയും ഇവര്‍ക്ക് പദ്ധതിയിലൂടെ ലഭ്യമാകും.

കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി സ്ഥലം എം എല്‍ എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാജിദ് മങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണവും എം എല്‍ എ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രാമചന്ദ്രന്‍ മഠത്തില്‍, സുലൈമാന്‍ പാറമ്മല്‍, പ്രിന്‍സിപ്പാള്‍ ഇ എന്‍ വനജ, പ്രധാനധ്യാപിക കെ വി ലത, കിക്കോഫ് കണ്‍വീനര്‍ പി കെ കുഞ്ഞിക്കോയ, പി ടി എ പ്രസിഡന്റ് എം ഡി രഘുരാജ് പ്രസംഗിച്ചു.