Connect with us

National

കോഴിക്കോട് ഇരട്ട സ്‌ഫോടനം: ഒരാള്‍കൂടി അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോഴിക്കോട്ട് കെ എസ് ആര്‍ ടി സി, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡുകളില്‍ 2006 മാര്‍ച്ച് മൂന്നിനുണ്ടായ ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റിലായി. പി പി യൂസഫ് എന്നയാളെയാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തിയതാണ് ഈ വിവരം.

പ്രതി സഊദി അറേബ്യയില്‍ നിന്ന് വിമാന മാര്‍ഗം ഡല്‍ഹിയിലെത്തിയ ഉടനെയായിരുന്നു അറസ്റ്റ്. ന്യൂഡല്‍ഹിയിലെ എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ശേഷം യൂസഫിനെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.

കേസിലെ മറ്റൊരു പ്രതി തലശ്ശേരി ചെറുപറമ്പത്ത് ഉരക്കള്ളിയില്‍ മുഹമ്മദ് അസറിനെ സംഭവം നടന്ന് 13 വര്‍ഷത്തിനു ശേഷം എന്‍ ഐ എ പിടികൂടിയിരുന്നു. തടിയന്റവിട നസീറാണ് കേസിലെ മുഖ്യ പ്രതി. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

2009 ഡിസംബര്‍ 18നാണ് കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തത്.