Connect with us

Ongoing News

അഞ്ച് ലക്ഷം രൂപ വരെ ആദായ നികുതിയില്ല; നികുതി വരുമാനം 12 ലക്ഷം കോടിയായി ഉയര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ആദായ നികുതിയിൽ വൻഇളവുകൾ പ്രഖ്യാപിച്ച് ബജറ്റ്. ആദായ നികുതി പരിധി അഞ്ച് ലക്ഷമായി ഉയർത്തി. ഇളവുകൾ കൂടി ചേർത്താൽ ഫലത്തിൽ ആറര ലക്ഷമാകും പരിധി. മൂന്ന് കോടി ആളുകൾക്ക് ഇതിൻെറ ഗുണം ലഭിക്കും. നിലവിൽ രണ്ടര ലക്ഷം രൂപയാണ് ആദായ നികുതി പരിധി. ഇൗ വർഷം നിലവിലെ നിരക്ക് തന്നെ തുടരും.

ശമ്പളവരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചെറുകിട വരുമാനക്കാര്‍ക്കും നികുതിയിളവിന്റെ ഗുണം ലഭിക്കും. 80 സി പ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരുന്നതില്‍ മൊത്തം നികുതിയിളവ് പരിധി ആറര ലക്ഷത്തിലെത്തും. പ്രതിവര്‍ഷം 2.4 ലക്ഷം രൂപ വരെ വീട്ടുവാടക നല്‍കുന്നവരെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തുകയും ചെയ്തു.

ആദായ നികുതി വരുമാനം 12 ലക്ഷം കോടി രൂപയായി വധിച്ചുവെന്ന് ധനമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 3.79 കോടിയില്‍ നിന്ന് 6.85 കോടിയായി ഉയര്‍ന്നു. 80 ശതമാനം വളര്‍ച്ചയാണ് ഇതില്‍ രേഖപ്പെടുത്തിയത്.

രണ്ട് വര്‍ഷത്തിനുള്ളിൽ നികുതി റിട്ടേണ്‍ പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കും. റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കുമെന്നും റീഫണ്ടുകള്‍ ഉടന്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നോട്ട് നിരോധനത്തിന് ശേഷം ഒരു കോടി പേര്‍ പുതുതായി ഐടി റിട്ടേണ്‍ ഫയല്‍ ചെയ്തു. കള്ളപ്പണം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 1.30 ലക്ഷം കോടി രൂപ നികുതി സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാനായെന്നും ബജറ്റില്‍ മന്ത്രി വ്യക്തമാക്കി.