കരിപ്പൂരില്‍ നിന്ന് ഫ്‌ളൈ ദുബൈ പറക്കും; സര്‍വീസ് ഇന്ന് മുതല്‍

Posted on: February 1, 2019 9:27 am | Last updated: February 1, 2019 at 1:56 pm

കരിപ്പൂര്‍: കോഴിക്കോട്ട് നിന്ന് ഫ്‌ളൈ ദുബൈ സര്‍വീസ് ഇന്ന് ആരംഭിക്കും. പ്രാദേശിക സമയം രാത്രി 9.05ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 1.45ന് കരിപ്പൂരിലെത്തും. കരിപ്പൂരില്‍ നിന്ന് 3.05ന് പുറപ്പെട്ട് പ്രാദേശിക സമയം, രാവിലെ 6.05ന് ദുബൈയിലെത്തും.

174 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കോഡ് സി ശ്രേണിയില്‍പെട്ട ബോയിംങ് 737-800 വിമാനമാണ് സര്‍വീസിനെത്തുന്നത്. എല്ലാ ദിവസവും സര്‍വീസുണ്ടാകും. എമിറേറ്റ്‌സിന്റെ സഹോദര സ്ഥാപനമാണ് ഫ്‌ളൈ ദുബൈ.

അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ 120 കോടി രൂപ ചെലവില്‍ നിര്‍മിച്ച രാജ്യാന്തര ആഗമന ടെര്‍മിനല്‍ ഈ മാസം മൂന്നിന് ഉച്ചക്ക് 12.30ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യും. 1700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഇരുനില കെട്ടിടത്തില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.