അധോലോക നേതാവ് രവി പുജാരി സെനഗലില്‍ പിടിയിലായി

Posted on: February 1, 2019 8:50 am | Last updated: February 1, 2019 at 10:15 am

ദകാര്‍ : അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ അറസ്റ്റിലായതായി സൂചന. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതിനു രവി പൂജാരിക്കെതിരെ കേസുണ്ട്. 15 വര്‍ഷമായി പോലീസ് തേടുന്ന രവി പൂജാരിക്കെതിരെ നിരവധി കേസുകളുണ്ട്. ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റെന്നറിയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അറസ്റ്റ് സ്ഥിരീകരിച്ചാല്‍ പുജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സെനഗലിനെ സമീപിക്കും. പുജാരിയെ വിട്ടുനല്‍കാന്‍ സെനഗര്‍ പോലീസ് തയ്യാറാണെന്നും പ്രത്യേക വിമാനത്തില്‍ ഇയാളെ മുംബൈയിലെത്തിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലുള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് പുജാരി സെനഗലില്‍
കഴിഞ്ഞിരുന്നതെന്നും വിവരമുണ്ട്. മുബൈയിലെ ചെമ്പൂരില്‍നിന്നു രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജന്‍ സംഘാംഗമാണു പൂജാരിയെ സംഘത്തിലേക്കാനയിച്ചത്. 1990ല്‍ സഹാറില്‍ ബാലാ സല്‍ട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെ മാധ്യമ ശ്രദ്ധ നേടി.കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പില്‍ ഇടനിലക്കാരെ ഉപയോഗിച്ചാണ് രവി പൂജാരി വെടിയുതിര്‍ത്തതെന്നു കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.