Connect with us

National

താങ്കളനുഭവിക്കുന്ന കടുത്ത സമ്മര്‍ദം മനസ്സിലാക്കുന്നു; പരീക്കറുടെ കത്തിന് രാഹുലിന്റെ മറുപടി

Published

|

Last Updated

ന്യൂഡല്‍ഹി: വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ സന്ദര്‍ശിച്ചതെന്ന് ആരോപിച്ചുള്ള ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ കത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. തനിക്കു വായിക്കാന്‍ കിട്ടുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയ കത്തിലെ പരാമര്‍ശങ്ങള്‍ ഏറെ അസ്വസ്ഥനാക്കിയെന്ന് രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം താങ്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളൊന്നും തന്നെ താനാരോടും പങ്കുവച്ചിട്ടില്ലെന്ന് ഫേസ് ബുക്ക് കുറിപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. “പരീക്കര്‍ ജി, എനിക്ക് താങ്കളോടു സഹതാപമാണ് തോന്നുന്നത്. കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചക്കു ശേഷം നിങ്ങളനുഭവിക്കുന്ന കടുത്ത സമ്മര്‍ദം ഞാന്‍ മനസ്സിലാക്കുന്നു. ഈ സമ്മര്‍ദമാണ് പ്രധാന മന്ത്രിയോടുള്ള താങ്കളുടെ ഭക്തി പ്രകടിപ്പിക്കുന്ന രീതിയിലുള്ള തീര്‍ത്തും അനാവശ്യമായ നടപടിയിലേക്കു നയിച്ചത്.

കൂടിക്കാഴ്ചയില്‍ പുതിയ റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധമില്ലെന്ന് താന്‍ പറഞ്ഞതായി രാഹുല്‍ വ്യക്തമാക്കിയതായുള്ള മാധ്യമ വാര്‍ത്തകള്‍ തളര്‍ത്തിക്കളഞ്ഞെന്ന് പരീക്കര്‍ പറഞ്ഞിരുന്നു. രാഹുല്‍ കള്ളം പറയുകയാണെന്നും സ്വകാര്യ സംഭാഷണത്തിനിടെ റഫാല്‍ വിഷയം ചര്‍ച്ചയായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഗോവ സന്ദര്‍ശനത്തിനിടെ പത്ത് മിനുട്ടാണ് പരീക്കറുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച നീണ്ടുനിന്നത്. റഫാല്‍ കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ പരീക്കറുടെ കൈവശമുണ്ടെന്നു അവകാശപ്പെടുന്ന ഒരു ഗോവ മന്ത്രിയുടെ ഓഡിയോ സംഭാഷണം തനിക്കു ലഭിച്ചതായി രാഹുല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Latest