Connect with us

Gulf

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഷാര്‍ജയില്‍ റീസൈക്കിളത്തോണ്‍

Published

|

Last Updated

ഷാര്‍ജ: പരിസ്ഥിതി സംരക്ഷസന്ദേശവുമായി വിദ്യാര്‍ഥികള്‍ ഷാര്‍ജ കസബയില്‍ റീസൈക്കിളത്തോണ്‍ നടത്തി. ശേഖരിച്ചു വെച്ച ഉപയോഗ ശൂന്യമായ കടലാസുകളും പ്ലാസ്റ്റിക്ക് ബോട്ടിലുകളുമായാണ് കാലത്തു തന്നെ ഷാര്‍ജയിലെയും അജ്മാനിലെയും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കസബയിലെത്തിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമോതുന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി അവര്‍ കസബക്കു ചുറ്റും കൂട്ടയോട്ടം നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റീ സൈക്കിളത്തോണ്‍ റണില്‍ വിദ്യാര്‍ഥികളോടൊപ്പം അസോസിയേഷന്‍ പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളുമുള്‍പ്പെടെ 500 ലേറെ പേര്‍ പങ്കെടുത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍ ഫഌഗ് ഓഫ് ചെയ്തു.

വിദ്യാര്‍ഥികള്‍ ശേഖരിച്ച 4000ത്തോളം കിലോ കടലാസുകളും ബോട്ടിലുകളും പുനര്‍ നിര്‍മാണത്തിനായി “ബീഅ”ക്കു കൈമാറി. കൂടുതല്‍ കടലാസുകളും മറ്റും ശേഖരിച്ചു നല്‍കിയ ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ ശ്രീലക്ഷ്മി സുഭാഷ് (917കിലോ) ഒന്നാം സമ്മാനത്തിന് അര്‍ഹയായി. ഇതേ സ്‌കൂളിലെ ശ്രദ്ധ കണ്ണപ്പനാണ് (309 കിലോ) രണ്ടാം സ്ഥാനം. ഡി പി എസിലെ മധു മനോജ് (64 കിലോ) മൂന്നാം സ്ഥാനവും നേടി. സമാപന ചടങ്ങില്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. സന്തോഷ് കെ നായര്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍, ഹെഡ്മാസ്റ്റര്‍ രാജീവ് മാധവന്‍, അഞ്ചും ഹസന്‍ (ഡി പി എസ്), വിദ്യാര്‍ത്ഥികളായ നിയോള കാസ്റ്റലിനോ, നിരഞ്ജന സുനില്‍, ആര്യന്‍ ശങ്കര്‍, ശിവദുര്‍ഗ എന്നിവര്‍ സംസാരിച്ചു.

അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റി കോഡിനേറ്റര്‍ അബ്ദുമനാഫ്, കണ്‍വീനര്‍ സുനില്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി. ഹെഡ്മിസ്ട്രസ് അസ്‌റ ഹുസൈന്‍, സൂപ്പര്‍വൈസര്‍ സ്വര്‍ണ ലത, ചീഫ് ഹൗസ്മിസ്റ്റര്‍ സന്ധ്യ മനോജ്, ഹോപ് ക്ലബ് കോഡിനേറ്റര്‍മാരായ ജസീന ഹമീദ്, റാശിദ ആദില്‍ സ്‌കൗട്ട്‌സ് മാസ്റ്റര്‍ റജിദ്ദീന്‍, ഔവര്‍ ഓണ്‍ സ്‌കൂളിലെ അധ്യാപകരായ നിര്‍മല, ഷമിത തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest